ഭാസ്കര സ്മൃതിയിൽ അലിഞ്ഞ് ബഹ്റൈൻ; 'ഓർക്കുക വല്ലപ്പോഴും' സംഗീത സന്ധ്യ സമാപിച്ചു
text_fieldsപി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് സാംസ്കാരിക കൂട്ടായ്മയായ 'ഭൂമിക'
സംഘടിപ്പിച്ച സംഗീത സന്ധ്യയിൽനിന്ന്
മനാമ: മലയാളത്തിന്റെ പ്രിയ കവിയും ഗാനരചയിതാവും സംവിധായകനുമായിരുന്ന പി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ബഹ്റൈൻ കേരളീയ സമാജം വേദിയായി. ഓറ ആർട്സിന്റെ ബാനറിൽ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ 'ഭൂമിക'യും ബഹ്റൈൻ കേരളീയ സമാജവും സംയുക്തമായി സംഘടിപ്പിച്ച 'ഓർക്കുക വല്ലപ്പോഴും' എന്ന സംഗീത സായാഹ്നം പ്രവാസി മലയാളികൾക്ക് ദൃശ്യ-ശ്രാവ്യ വിരുന്നായി.
ചലച്ചിത്ര പിന്നണി ഗായകൻ വി.ടി. മുരളി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. 'മലർമണം പടർന്ന നൂറ് വർഷങ്ങൾ' എന്ന പ്രമേയത്തിൽ ഒരുക്കിയ സംഗീത യാത്രയിൽ ഭാസ്കരൻ മാസ്റ്ററുടെ അനശ്വരമായ ഗാനങ്ങൾ വി.ടി. മുരളിയും ബഹ്റൈനിലെ പ്രമുഖ കലാകാരന്മാരും ചേർന്ന് അവതരിപ്പിച്ചു.
ഭാസ്കരൻ മാസ്റ്റർക്കൊപ്പം പ്രവർത്തിച്ച വിവിധ സംഗീത സംവിധായകരുടെ ശ്രദ്ധേയമായ ഗാനങ്ങൾ ഉൾപ്പെടുത്തിയത് പരിപാടിയെ വേറിട്ടതാക്കി. വി.ടി. മുരളിയുടെ അവതരണത്തിലൂടെ മലയാള ചലച്ചിത്ര സംഗീത ലോകത്തെ മൺമറഞ്ഞ പ്രതിഭകളെയും ചടങ്ങിൽ സ്മരിച്ചു.
ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ഭൂമിക പ്രസിഡന്റ് ഇ.എ. സലിം സ്വാഗതം ആശംസിച്ചു. പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ സാന്നിധ്യം ചടങ്ങിന് കൂടുതൽ തിളക്കമേകി. ചടങ്ങിൽ വി.ടി. മുരളിയെ ആദരിച്ചു. പ്രോഗ്രാം കോഓർഡിനേറ്റർ എസ്.വി. ബഷീർ, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ആശംസകൾ നേർന്നു. മലയാള ചലച്ചിത്ര സംഗീതത്തിലെ സുവർണ്ണ കാലഘട്ടത്തെ ഓർമ്മിപ്പിച്ച ഈ സംഗീത നിശ ആസ്വദിക്കാൻ നൂറുകണക്കിന് പ്രവാസി മലയാളികളാണ് കുടുംബസമേതം ഡയമണ്ട് ജൂബിലി ഹാളിലേക്ക് എത്തിയത്. ഭാസ്കരൻ മാസ്റ്ററുടെ കാവ്യപ്രപഞ്ചത്തിലൂടെയുള്ള ഒരു അവിസ്മരണീയ യാത്രയായി പരിപാടി മാറി. ഭൂമിക സെക്രട്ടറി രജിത ടി.കെ. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

