ബലിപെരുന്നാളിനെ വരവേൽക്കാൻ ശുചീകരണ യജ്ഞവുമായി ബഹ്റൈൻ
text_fieldsബലിപെരുന്നാളിനോടനുബന്ധിച്ച് ആരംഭിച്ച ശുചീകരണ യജ്ഞത്തിൽനിന്ന്
മനാമ: ബലിപെരുന്നാൾ അവധിയെ വരവേൽക്കുന്നതിനായി ശുചീകരണ യജ്ഞവുമായി ബഹ്റൈൻ. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ശുചീകരണ, സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ക്ലോക്ക് റൗണ്ട് എബൗട്ടിൽ ആകർഷകമായ പ്രകാശനമായ ഡിസ്പ്ലേകൾ സ്ഥാപിച്ചും, ദേശീയ പതാകകൾ മാറ്റി പുതിയവ സ്ഥാപിച്ചും, സ്മാരകങ്ങളിലും പ്രധാന തെരുവുകളിലും ശുചീകരണ പ്രവർത്തനങ്ങൾ ശക്തമാക്കിയുമാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
സുന്നി, ജാഫാരി വഖഫ് ഡയറക്ടറേറ്റുകളുമായും ക്ലീനിങ് സർവിസസ് കമ്പനിയായ ഉർബാസർ ബഹ്റൈനുമായും സഹകരിച്ച്, സതേൺ മുനിസിപ്പാലിറ്റി നിരവധി പള്ളികൾ, ഇസ്ലാമിക കേന്ദ്രങ്ങൾ, ഈദ് പ്രാർഥനാ സ്ഥലങ്ങൾ എന്നിവ വൃത്തിയാക്കുന്നതിനുള്ള കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
ഈദ് പ്രാർഥനകളിൽ കൂടുതൽ ജനക്കൂട്ടത്തെ ഉൾക്കൊള്ളുന്നതിനായി പ്രാർഥന സ്ഥലങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. എല്ലാ സ്ഥലങ്ങളിലും തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കുക, ആവശ്യമായ ഉപകരണങ്ങളും വാഹനങ്ങളും നൽകുക, പള്ളി മുറ്റങ്ങളും നടപ്പാതകളും കഴുകി വൃത്തിയാക്കുക എന്നിവയാണ് കാമ്പയിനിൽ ഉൾപ്പെടുന്നത്. അവധി ദിനം ആഘോഷിക്കുന്നതിനും മേഖലയിലുടനീളം പൊതുജനങ്ങൾക്ക് സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമായി വിപുലമായ സൗന്ദര്യവത്കരണ, ശുചീകരണ സംരംഭങ്ങളും മുനിസിപ്പാലിറ്റി ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

