ബഹ്റൈൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ഏപ്രിൽ അഞ്ചു മുതൽ
text_fieldsമനാമ: വാർഷിക ബഹ്റൈൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ഏപ്രിൽ അഞ്ചു മുതൽ ദിയാർ അൽ മുഹറഖിലെ സൂഖ് അൽ ബഹാറയിൽ നടക്കും. ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ എല്ലാ വർഷവും നടക്കുന്ന ഫെസ്റ്റിവൽ ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക) ആണ് സംഘടിപ്പിക്കുന്നത്.
സൂഖ് അൽ ബറാഹയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഏപ്രിൽ എട്ടുവരെ നീണ്ടുനിൽക്കും. ഈ ദിവസങ്ങളിൽ രാത്രിയാണ് പ്രവേശനം. ഫെസ്റ്റിവലിന്റെ 29 ാം എഡിഷനാണ് ഈ വർഷം നടക്കുന്നത്. റമദാനുമായി ബന്ധപ്പെട്ട ബഹ്റൈനിലെ ആചാരരീതികൾ സംബന്ധിച്ചാണ് ഇത്തവണത്തെ ഫെസ്റ്റിവൽ. പ്രാദേശിക സമൂഹങ്ങളുടെ ആചാരരീതികൾ സംബന്ധിച്ച് എല്ലാവർക്കും അറിവ് ലഭിക്കുന്ന തരത്തിലാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്.
ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. രാത്രി ഒമ്പതു മുതൽ അർധരാത്രി വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്.ഫോക് ലോർ സംഗീതജ്ഞരുടെ സംഗീതസദ്യയും ആസ്വദിക്കാനുള്ള അവസരമുണ്ട്. ഇതു കൂടാതെ ഫേസ് പെയിന്റിങ്, പരമ്പരാഗത കായിക വിനോദങ്ങൾ, ഹസാവി (നാടോടിക്കഥകൾ) എന്നിവയുടെ അവതരണവും നടക്കും. റമദാനിലെ വിശേഷപ്പെട്ട ആഹാരസാധനങ്ങൾ രുചിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ബഹ്റൈനിന്റെ സാംസ്കാരിക പൈതൃകം നഷ്ടപ്പെടാതെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബാക്ക ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു തലമുറയിൽനിന് അടുത്തതിലേക്ക് കൈമാറ്റംചെയ്തവയാണ് ബഹ്റൈനിലെ ആചാരങ്ങളും രീതികളും. ആധുനിക കാലത്ത് ഇവക്കൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും സാംസ്കാരികമായ പൈതൃകങ്ങൾ സംരക്ഷിക്കാൻ ജനത എന്നും താൽപര്യം കാണിച്ചിട്ടുണ്ട്.
ഇത് സ്വദേശികൾക്കും വിദേശികൾക്കും കാണാനും മനസ്സിലാക്കാനുമുള്ള അവസരമാണ് ഫെസ്റ്റിവൽ ദിവസങ്ങളിൽ ഒരുങ്ങുന്നത്. 1992ൽ ഫെസ്റ്റിവൽ തുടങ്ങിയ നാൾ മുതൽ ബാക്ക ഇതിനായാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.സാംസ്കാരികമായ തനിമകൾ സംരക്ഷിക്കാനും വരും തലമുറകൾക്ക് ആ പൈതൃകം കാത്തുസൂക്ഷിക്കാനുമുള്ള ദൗത്യമാണ് ഫെസ്റ്റിവലിലൂടെ നിർവഹിക്കപ്പെടുന്നതെന്ന് സംഘാടകർ പറയുന്നു.Bahrain Heritage Festival from April 5

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.