ബഹ്റൈൻ ഹെൽപ്പ് ഡെസ്ക്
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
- 2022 ജൂൺ മുതൽ മൂന്നുവർഷമായി ഒരു കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഞാൻ. കഴിഞ്ഞമാസം എനിക്ക് ടെർമിനേഷൻ ലെറ്റർ തന്നു. എനിക്കുപകരം മറ്റൊരു ബഹ്റൈനിയെ ജോലിക്കെടുക്കുകയാണെന്നാണ് എനിക്ക് ലഭിച്ച വിവരം. ഈ കാരണത്തിന് എനിക്കെന്തെങ്കിലും നഷ്ടപരിഹാരം ലഭിക്കുമോ?- ഷരീഫ്
തൊഴിൽ നിയമപ്രകാരം ജോലിയിൽ മുൻഗണന നൽകേണ്ടത് ബഹ്റൈനികൾക്കാണ്. അതുകൊണ്ട് സ്വദേശിവത്കരണത്തിന്റെ ഭാഗമായി തൊഴിലിൽനിന്ന് പിരിച്ചുവിട്ടാൽ താങ്കൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടാകില്ല. താങ്കളെ പിരിച്ചുവിടുന്നത് ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് നഷ്ടപരിഹാരം ലഭിക്കാനും അർഹതിയില്ല. അതുകൊണ്ടുതന്നെ പിരിച്ചുവിട്ടത് ഒരു അന്യായമായി കോടതി കണക്കാക്കുകയുമില്ല. അന്യായമായി തൊഴിലിൽ നിന്ന് പിരിച്ചുവിട്ടാൽ മാത്രമാണ് നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടാവുക. താങ്കൾക്ക് കുറഞ്ഞത് ഒരു മാസത്തെ അല്ലെങ്കിൽ തൊഴിൽ കരാറിൽ പറയുന്ന നോട്ടീസ് നൽകണം. അതുപോലെ മൂന്ന് വർഷത്തെ എല്ലാ ആനുകൂല്യങ്ങളും തരണം. 2024 മാർച്ച് മുതലുള്ള ഇൻഡെമിനിറ്റി താങ്കൾ തന്നെ ഗോസിയിൽനിന്ന് തിരികെ വാങ്ങിക്കണം. അത് വരെയുള്ള ഇൻഡെമിനിറ്റി തൊഴിലുടമ നൽകണം. കൂടുതൽ എന്തെങ്കിലും വിവരം അറിയണമെങ്കിൽ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
- എന്റെ വിസ തീർന്ന് നാല് ദിവസത്തിന് ശേഷം എൽ.എം.ആർ.എ ചെക്കിങ്ങിൽ പിടിക്കപ്പെട്ടു. വിസയില്ലാത്തതുകൊണ്ട് ഫൈൻ ആയി 600 ദീനാർ അടച്ചു. എന്നിട്ടും വിസ പുതുക്കാൻ കഴിയുന്നില്ല. സ്പോൺസർ പറയുന്നത് കോർട്ടിൽ നിന്ന് രേഖകൾ വരാനുണ്ടെന്നാണ്. എന്തായിരിക്കും കാരണം? - സാദിഖ്
കോടതിയിൽനിന്ന് ജഡ്ജ്മെന്റ് ലഭിച്ചാൽ മാത്രമേ താങ്കളുടെ വിസ പുതുക്കാൻ സാധിക്കൂ. എൽ.എം.ആർ.എ വിസ ഇല്ലാതെ പിടിക്കപ്പെടുകയാണെങ്കിൽ ഫൈൻ കൊടുത്താലും കേസ് കോടതിയിലേക്ക് കൈമാറും. പിന്നെ കോടതി തീരുമാനപ്രകാരമായിരിക്കും വിസ പുതുക്കണോ അതോ താങ്കൾ തിരികെ പോകണോയെന്ന് തീരുമാനിക്കുന്നത്. അതുകൊണ്ട് കോടതിവിധി വരുന്നതുവരെ കാത്തിരിക്കണം. എന്നിട്ട് ഭാവികാര്യങ്ങൾ തീരുമാനിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

