മന്ത്രിസഭാ യോഗം: പുതിയ പട്ടണങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കും
text_fieldsസ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നതിനുള്ള ശിക്ഷ കടുത്തതാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു
മനാമ: പുതിയ പട്ടണങ്ങളുടെ പൊതു സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സല്‍മാന്‍ ടൗണ്‍ എന്ന പേരിലുള്ള പുതിയ പട്ടണം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന പരിപാടിയില്‍ കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്തതിനെ കാബിനറ്റ് ശ്ലാഘിച്ചു.
കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ശൈഖ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നാമധേയത്തിലുള്ള ടൗണ്‍ഷിപ്പ് പദ്ധതി ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിെൻറ ഭാഗമാണെന്ന് വിലയിരുത്തി. ഇത്തരത്തില്‍ പുതിയ ടൗണ്‍ഷിപ്പുകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും പരിഹാരം കാണുന്നതിനും ബന്ധപ്പെട്ട മന്ത്രാലയത്തെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദര്‍ശനത്തെക്കുറിച്ച് സഭ ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാക്കാന്‍ സന്ദര്‍ശനം കാരണമാകുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. കുവൈത്തുമായി ബഹ്റൈനുള്ളത് ആഴത്തിലുള്ള സാഹോദര്യ ബന്ധമാണെന്നും മേഖലയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കുവൈത്തടക്കമുള്ള രാജ്യങ്ങളുമായി ശക്തമായ സഹകരണം സാധ്യമാക്കേണ്ടതുണ്ടെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു. ഇസ്തംബൂളില്‍ നടന്ന ഒ.ഐ.സിയുടെ ഏഴാമത് അടിയന്തിര ഉച്ചകോടിയിലെ തീരുമാനങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രി വിശദീകരിച്ചു.
ഗസയില്‍ ഫലസ്തീനികള്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്ക് നേരെ ഇസ്രായേല്‍ സേന നടത്തിയ നരനായാട്ടിനെക്കുറിച്ച് അന്താരാഷ്ട്ര കമ്മീഷന്‍ അന്വേഷിക്കണമെന്നും ഫലസ്തീനികളെ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സേനയെ വിന്യസിക്കണമെന്നുമാണ് ഉച്ചകോടിയിലെ മുഖ്യ ആവശ്യം.
ഖുദുസ് കേന്ദ്രമാക്കി സ്വതന്ത്ര ഫലസ്തീന് രാഷ്ട്രം രുപവത്കരിക്കണമെന്നും 1967 ലെ അതിര്‍ത്തി അംഗീകരിച്ച് മുന്നോട്ട് പോവണമെന്നുമുള്ള ബഹ്റൈന്‍ നിലപാട് ഉച്ചകോടിയില്‍ വ്യക്തമാക്കിയതായും മന്ത്രി വിശദീകരിച്ചു.
ഫലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമ്മര്‍ദം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നുള്ള ആവശ്യവും അദ്ദേഹം ഉന്നയിച്ചു. സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുകയും ജനങ്ങള്‍ക്ക് നേരെയും പൊതു സ്വത്തിന് നേരെ അത് ഉപയോഗിക്കുകയും ചെയ്യുന്നതിനുള്ള ശിക്ഷ കടുത്തതാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 10 വര്‍ഷത്തില്‍ കുറയാത്ത തടവും പിഴയും ഈടാക്കാനാണ് തീരുമാനം. സ്ഫോടക വസ്തു കൈവശം വെക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത തടവും വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും എട്ട് വര്‍ഷത്തില്‍ കുറയാത്ത തടവുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. സ്ഫോടക വസ്തു ഉപയോഗിച്ച് നടത്തുന്ന സ്ഫോടനം വഴി ദീര്‍ഘ കാലത്തേക്ക് പരിക്കേല്‍പിച്ചാല്‍ 10 വര്‍ഷത്തില്‍ കുറയാത്ത തടവോ അല്ലെങ്കില്‍ ജീവപര്യന്തം തടവോ ആയിരിക്കും. സ്ഫോടനം വഴി ജീവാഹാനി സംഭവിച്ചാല്‍ വധ ശിക്ഷയോ ജീവപര്യന്തം തടവോ നിര്‍ദേശിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കരാറുകളിലേര്‍പ്പെടുന്നതിന് അംഗീകാരം നല്‍കി. ഇക്കാര്യത്തില്‍ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ ഓര്‍ഗനൈസേഷനുമായി കരാറിലൊപ്പിടാന്‍ കാബിനറ്റ് അംഗീകാരം നല്‍കി. കൂടാതെ അന്താരാഷ്ട്ര പരിസ്ഥിതി ഫണ്ടില്‍ അംഗമാകാനും തീരുമാനിച്ചു. രാജ്യത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്നതിനും പ്രകൃതി വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു.
ഇതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങള്‍ തീരുമാനിക്കാന്‍ നിയമകാര്യ സമിതിയെ ചുമതലപ്പെടുത്തി. കുട്ടികളുടെ സംരക്ഷണത്തിനായുള്ള 2013-2017 ആക്ഷന്‍ പ്ലാന്‍ നടപ്പാക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കാബിനറ്റ് ചര്‍ച്ച ചെയ്തു. 79 ശതമാനം കാര്യങ്ങള്‍ നടപ്പാക്കിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വരും വര്‍ഷങ്ങളിലേക്കുള്ള കര്‍മ പദ്ധതിയില്‍ നടപ്പാക്കിനിരിക്കുന്ന കാര്യങ്ങള്‍ കുടി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗൂദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
