വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് യു.എന്നുമായി സഹകരണം ശക്തിപ്പെടുത്തും
text_fieldsമനാമ: വിദേശ തൊഴിലാളികളൂടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി യു.എന്നുമായി സഹകരിക്കാന്‍ തയാറാണെന്ന് മന്ത്രി സഭാ യോഗത്തില്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം. മനുഷ്യക്കടത്ത് തടയുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ഇക്കാര്യത്തില്‍ യു.എന്‍ ഓഫീസുമായി സഹകരിക്കുകയൂം ചെയ്യുന്നുണ്ടെന്ന് വിലയിരുത്തി. ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും കാബിനറ്റ് ആശംസകള്‍ നേര്‍ന്നു. മനുഷ്യക്കടത്തിനെതിരെയുള്ള നടപടികള്‍ ശക്തമാക്കിയ ബഹ്റൈന് അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വീകാര്യത ലഭിച്ചതായും കാബിനറ്റ് വിലയിരുത്തി. മനുഷ്യക്കടത്തിലെ ഇരകള്‍ക്ക് അഭയ കേന്ദ്രമൊരുക്കിയ മേഖലയിലെ ആദ്യ രാഷ്ട്രം കൂടിയാണ് ബഹ്റൈനെന്നതും അഭിമാനകരമാണ്. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും അതുവഴി സാമ്പത്തിക മേഖല കരുത്താര്‍ജിക്കുന്നതിനും ബഹ്റൈന് സാധ്യമാകുമെന്ന് തെളിയിച്ച ഒന്നായിരുന്നു ഗള്‍ഫ് റിയല്‍ എസ്റ്റേറ്റ് എക്സിബിഷനെന്ന് കാബിനറ്റ് വിലയിരുത്തി.
പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ നടന്ന എക്സിബിഷന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപ സംരംഭങ്ങള്‍ക്ക് കരുത്ത് പകര്‍ന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കണ്ണാടിയായി പ്രവര്‍ത്തിക്കുന്നതിന് രാജ്യത്തെ പത്ര സ്ഥാപനങ്ങളുമായി മുഴുവന്‍ സര്‍ക്കാര്‍ അതോറിറ്റികളും മന്ത്രാലയങ്ങളും സഹകരിക്കണമെന്നും ആവശ്യമായ വിവരങ്ങള്‍ നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ത്രീ പുരുഷ അനുപാതത്തെ സംബന്ധിച്ച് ദേശീയ റിപ്പോര്‍ട്ട് തായറാക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്‍കി. പൊതു ആവശ്യങ്ങള്‍ക്കായി മൂന്ന് സ്ഥലം അക്വയര്‍ ചെയ്യുന്നതിനും അംഗീകാരം നല്‍കി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
