സ്വത്ത് കണ്ടുകെട്ടൽ, വീണ്ടെടുക്കൽ മാർഗനിർദേശ രേഖക്ക് അംഗീകാരം
text_fieldsമനാമ: രാജ്യത്ത് സ്വത്ത് വീണ്ടെടുക്കൽ, കണ്ടുകെട്ടൽ എന്നിവ നടപ്പാക്കാനാവശ്യമായ മാർഗനിർദേശ രേഖക്ക് അംഗീകാരം. കുറ്റകൃത്യങ്ങളിലൂടെ നേടിയ സ്വത്തുക്കൾ തിരികെ പിടിക്കുന്നതിനും നിയമപരമായ കണ്ടുകെട്ടൽ ഉത്തരവുകൾ നടപ്പാക്കുന്നതിനും വേണ്ടിയുള്ള നടപടിക്രമങ്ങൾ, നിയമങ്ങൾ, മാനദണ്ഡങ്ങൾ എന്നിവ വിശദീകരിക്കുന്ന ഒരു ഔദ്യോഗിക രേഖയാണിത്. തീരുമാനം 2025ലെ നമ്പർ (47)ന് അറ്റോണി ജനറൽ ഡോ. അലി ബിൻ ഫദ്ൽ അൽ ബുഐനൈൻ ആണ് അംഗീകാരം നൽകിയത്.
പബ്ലിക് പ്രോസിക്യൂഷൻ, ആഭ്യന്തര മന്ത്രാലയം, ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ഇസ്ലാമിക കാര്യ, വഖഫ് മന്ത്രാലയം, സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ (സി.ബി.ബി) എന്നിവയുടെ ഏകോപനത്തോടെയും സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ അംഗീകാരത്തോടെയും അന്താരാഷ്ട്ര നിലവാരങ്ങൾക്കും ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) ശിപാർശകൾക്കും അനുസൃതമായാണ് ഈ മാർഗരേഖ തയാറാക്കിയത്.
ദേശീയ അധികാരികൾ അഭ്യർഥിച്ചാലും വിദേശത്തുനിന്ന് അഭ്യർഥന സ്വീകരിച്ചാലും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ആസ്തികളും വരുമാനവും വീണ്ടെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ മാനുവൽ വിശദമായി പ്രതിപാദിക്കുന്നു.
ബഹ്റൈൻ കോടതികളോ വിദേശ നീതിന്യായ സ്ഥാപനങ്ങളോ പുറപ്പെടുവിച്ച കണ്ടുകെട്ടൽ ഉത്തരവുകൾ എങ്ങനെ നടപ്പാക്കാമെന്നും, ഈ നടപടികൾ നടപ്പാക്കുന്നതിൽ ബന്ധപ്പെട്ട ബഹ്റൈനി സ്ഥാപനങ്ങളുടെ പങ്കെന്താണെന്നും ഇത് വ്യക്തമാക്കുന്നു. സ്വത്ത് വീണ്ടെടുക്കലിനും കണ്ടുകെട്ടലിനുമുള്ള നിയമപരമായ നടപടിക്രമങ്ങൾ ഏകീകരിക്കുക, സ്ഥാപനപരമായ രീതികൾ ഏകീകരിക്കുക, സുതാര്യത വർധിപ്പിക്കുക, സത്യസന്ധരായ കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, നിയമപരമായ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഈ മാർഗരേഖ ലക്ഷ്യമിടുന്നതെന്ന് അസിസ്റ്റന്റ് അറ്റോണി ജനറൽ കൗൺസിലർ വഈൽ റാശിദ് ബുഅല്ലെ പറഞ്ഞു.
ഇത് അന്താരാഷ്ട്ര നീതിന്യായ സഹകരണം ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവക്കെതിരായ ആഗോള കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിൽ ബഹ്റൈന്റെ പ്രതിബദ്ധത ഈ മാർഗരേഖ പ്രതിഫലിക്കുന്നുവെന്നും ബുഅല്ലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

