യു.എൻ സുരക്ഷാസമിതിയിൽ ബഹ്റൈന് താൽക്കാലിക അംഗത്വം
text_fieldsബഹ്റൈൻ വിദേശകാര്യ മന്ത്രി യു.എൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ സംസാരിക്കുന്നു
മനാമ: യു.എൻ സുരക്ഷാസമിതിയിൽ ബഹ്റൈന് താൽക്കാലിക അംഗത്വം. 2026 ജനുവരി ഒന്നു മുതൽ രണ്ട് വർഷത്തേക്കാണ് അംഗത്വം. ബഹ്റൈനൊപ്പം കൊളംബിയ, കോംഗോ, ലാത്വിയ, ലൈബീരിയ എന്നീ രാജ്യങ്ങൾക്കും താൽക്കാലിക അംഗത്വം ലഭിച്ചു.
ന്യൂയോർക്കിലെ യു.എൻ ജനറൽ അസംബ്ലിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 187ൽ 186 വോട്ടുകൾ നേടിയാണ് ബഹ്റൈൻ സ്ഥാനം സ്വന്തമാക്കിയത്. അടുത്തിടെ യു.എൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ ലഭിച്ച ഏറ്റവും വലിയ വോട്ടു ശതമാനങ്ങളിലൊന്നാണിത്. അടുത്ത രണ്ട് വർഷത്തേക്ക് സമാധാനം, സുരക്ഷ എന്നിവയിൽ അന്താരാഷ്ട്ര തീരുമാനമെടുക്കുന്നതിൽ ബഹ്റൈനും പങ്കാളികളാകും.
വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി യു.എൻ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു. നോട്ടത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും വിദേശകാര്യ മന്ത്രി അഭിനന്ദനമറിയിച്ചു.
ബഹ്‌റൈന്റെ വിദേശനയത്തിലും സമാധാനം, സഹകരണം, അന്താരാഷ്ട്ര സ്ഥിരത എന്നിവയിലെ നിലപാടിനോടുള്ള ലോകരാജ്യങ്ങളുടെ വിശ്വാസമാണ് ഈ അംഗീകാരമെന്നും സയാനി പറഞ്ഞു. സംഭാഷണം, സഹവർത്തിത്വം, പരസ്പര ബഹുമാനം, സമവായം എന്നീ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചായിരിക്കും ബഹ്റൈൻ സുരക്ഷാകൗൺസിലിൽ പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നേട്ടത്തിൽ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, മറ്റ് മന്ത്രിമാർ, മുതിർന്ന നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, സംഘടനകൾ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തി.
വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും ബഹ്റൈൻ പ്രതിനിധികളും യു.എൻ ആസ്ഥാനത്ത്
അഭിനന്ദനവുമായി ജി.സി.സി രാജ്യങ്ങൾ
ഐക്യരാഷ്ട്രസഭയുടെ താൽക്കാലികാംഗമായി തിരഞ്ഞെടുക്കപ്പെട്ട ബഹ്റൈന് അഭിനന്ദനവുമായി ജി.സി.സി രാജ്യങ്ങൾ. സൗദി അറേബ്യ, ഖത്തർ, ഒമാൻ, സിറിയ, ഈജിപ്ത്, സൊമാലിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രശംസകളുമായി രംഗത്തെത്തിയത്. ആഗോള സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിൽ സജീവമായ പങ്ക് വഹിക്കാനുള്ള ബഹ്‌റൈന്റെ കഴിവിനെയും രാജ്യങ്ങൾ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

