ബഹ്റൈൻ ഗ്രാൻഡ് പ്രീ: താരങ്ങളെത്തിത്തുടങ്ങി
text_fieldsഫോർമുല വൺ ബഹ്റൈൻ ഗ്രാൻ പ്രീ മത്സരങ്ങൾക്കെത്തിയ താരങ്ങളെ വിമാനത്താവളത്തിൽ ബി.ഐ.സി വെൽക്കം ടീം സ്വീകരിക്കുന്നു
മനാമ: വേഗപ്പോരിന്‍റെ ആഘോഷ രാവുകൾക്ക് തിരിതെളിയാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. മത്സരത്തിൽ മാറ്റുരക്കാൻ പ്രിയപ്പെട്ട താരങ്ങൾ പലരും ബഹ്റൈനിലെത്തിത്തുടങ്ങി.
രണ്ടുതവണ ലോക ചാമ്പ്യനായ ആസ്റ്റൺ മാർട്ടിൻ താരം ഫെർണാണ്ടോ അലോൺസോ, മെഴ്‌സിഡസിന്റെ ആൻഡ്രിയ കിമി അന്റൊനെല്ലി, വില്യംസിന്റെ കാർലോസ് സൈൻസ്, അലക്‌സാണ്ടർ ആൽബൺ, റെഡ് ബുൾ റേസിങ്ങിന്റെ യുകി സുനോഡ, ഹാസിന്റെ എസ്റ്റെബാൻ ഒകോൺ, റേസിങ് ബെല്ലിന്റെ ഐസക് ഹജ്ജാർ, ലിയാം ലോസൺ കൂടാതെ ഫോർമുല വൺ അധികൃതരും സപ്പോർട്ട് ടീം ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം എത്തിച്ചേർന്നിട്ടുണ്ട്. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ട് വെൽക്കം ടീമാണ് പ്രതിനിധികളെ സ്വീകരിച്ചത്.
ഏപ്രിൽ 11 മുതൽ 13 വരെ സാഖിറിലെ ബഹ്റൈൻ ഇന്‍റർ നാഷനൽ സർക്യൂട്ടിൽ (ബി.ഐ.സി) അരങ്ങേറുന്ന എഫ് വൺ ബഹ്റൈൻ ഗ്രാൻഡ്പ്രീ വരുന്ന വാരാന്ത്യം ബഹ്റൈനെ ആവേശത്തിലലിയിക്കാനിരിക്കയാണ്. ഗൾഫ് എയറാണ് മുഖ്യ പ്രായോജകർ. ഇതിനോടകം മത്സരാർഥികളെയും ആരാധകരെയും വരവേൽക്കാൻ ട്രാക്കിനകത്തും പുറത്തുമുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കയാണ്.
വിവിധ അതോറിറ്റികളുടെയും അധികൃതരുടെയും വിദഗ്ധരുടെയും അവലോകനങ്ങളും വിലയിരുത്തലുകളും ഇതിനോടകം പൂർത്തിയായിട്ടുണ്ട്.
പ്രശസ്ത സംഗീതജ്ഞരുടേതടക്കമുള്ള പ്രകടനങ്ങളുമായി ട്രാക്കിന് പുറത്തും അതിമനോഹരമായ വിനോദങ്ങളൊരുക്കിയിട്ടുണ്ട്. ഓസ്ട്രേലിയ, ചൈന, ജപ്പാൻ എന്നിവിടങ്ങളിലെ മത്സരങ്ങൾക്ക് ശേഷമാണ് എഫ് വൺ ടീം ബഹ്റൈനിലെത്തുന്നത്.
നിലവിൽ മത്സരത്തിനായുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റൊഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാളേറേ ഇത്തവണ കാണികൾ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

