ബഹ്റൈൻ ഗ്രാൻഡ് പ്രീ മലേഷ്യ; ബഹ്‌റൈൻ സംഘവുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: മലേഷ്യയിലെസെപാംഗ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന 2026 ഫോർമുല വൺ 'ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രി'യുടെ സംഘാടകരായ ബഹ്‌റൈൻ സംഘവുമായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി.
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും മലേഷ്യൻ ഭരണാധികാരി സുൽത്താൻ ഇബ്രാഹിമിന്റെയും പിന്തുണയോടെ നടക്കുന്ന ഗ്രാൻഡ് പ്രിയുടെ 22-ാം പതിപ്പാണ് മലേഷ്യയിൽ സംഘടിപ്പിക്കുന്നത്. വിവിധ മേഖലകളിൽ ബഹ്‌റൈന്റെ അംബാസഡർമാരായി പ്രവർത്തിക്കുന്ന സ്വദേശി പ്രതിഭകളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് കിരീടാവകാശി വ്യക്തമാക്കി.
അന്താരാഷ്ട്ര തലത്തിൽ ബഹ്‌റൈന്റെ സ്ഥാനം ഉയർത്തിപ്പിടിക്കുന്നതിൽ ദേശീയ പ്രവർത്തകരുടെ പങ്കാളിത്തവും പ്രതിബദ്ധതയും പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം, ബഹ്‌റൈന്റെ പാരമ്പര്യവും വിനോദസഞ്ചാര-സാംസ്കാരിക സവിശേഷതകളും പ്രദർശിപ്പിക്കുന്ന 'ബഹ്‌റൈൻ വില്ലേജ്' ഉൾപ്പെടെയുള്ള അനുബന്ധ പരിപാടികളെക്കുറിച്ചും അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.
ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, മലേഷ്യയിലെ ബഹ്‌റൈൻ എംബസി, മുംതലകാത്ത്, ബാറ്റെൽക്കോ, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി, ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട്, വിവിധ മാധ്യമങ്ങൾ എന്നിവയുൾപ്പെടെ ടൂർണമെന്റ് വിജയകരമാക്കാൻ സഹകരിച്ച എല്ലാ സ്ഥാപനങ്ങൾക്കും പ്രിൻസ് സൽമാൻ നന്ദി അറിയിച്ചു. തുടർന്ന് ട്രാക്കും ടീം ഏരിയകളും സന്ദർശിച്ച അദ്ദേഹം മത്സരത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

