ബഹ്റൈന് ഗ്രാൻഡ്പ്രീ 2025; ട്രാക്കുണരാൻ ഇനി ഒരു മാസം
text_fieldsമനാമ: വേഗപ്പോരിന്റെ മഹാമാമാങ്കമായ ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈന് ഗ്രാൻഡ് പ്രിക്സ് 2025ന്റെ ട്രാക്കുണരാൻ ഇനി ഒരുമാസം. മിഡിൽ ഈസ്റ്റിലെ മോട്ടോസ്പോട്ടിന്റെ ജന്മസ്ഥലമായ ബഹ്റൈന്റെ ട്രാക്കുകളെ ചൂടുപിടിപ്പിക്കുന്ന മത്സരങ്ങൾക്ക് സാക്ഷിയാകാനൊരുങ്ങുകയാണ് മോട്ടോസ്പോട്ട് ആരാധകർ. ഒരുക്കങ്ങൾ പൂർത്തിയാക്കി ട്രാക്കും വേദികളും പവിലിയനുകളും സജ്ജം.
അവസാന 30 ദിവസത്തെ കൗണ്ട്ഡൗണിനാണ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. കഴിഞ്ഞ ആഴ്ചകളിൽ പരീക്ഷണയോട്ട മത്സരങ്ങൾക്ക് ട്രാക്ക് സാക്ഷിയായിരുന്നു. ഏപ്രിൽ 11 മുതൽ 13 വരെ സാഖിറിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ (ബി.ഐ.സി) നടക്കുന്ന ആവേശപ്പോരിൽ മോട്ടോസ്പോട്ടിലെ അതികായർ മാറ്റുരക്കാനെത്തും. മത്സരങ്ങൾക്കായുള്ള ടിക്കറ്റുകൾ അതിവേഗത്തിലാണ് വിറ്റൊഴിയുന്നത്.
മെയിൻ ഗ്രാൻഡ്സ്റ്റാൻഡ് ടിക്കറ്റുകൾ 90 ശതമാനത്തിലധികവും ടേൺ വൺ, ബിയോൺ ഗ്രാൻഡ് സ്റ്റാൻഡ് എന്നിവ 80 ശതമാനത്തിലധികവും ഇതിനോടകം ആരാധകർ കൈവശപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുകളുടെ ലഭ്യത പരിമിതമായതിനാൽ ബാക്കിയുള്ള ടിക്കറ്റുകൾ എത്രയും വേഗം സ്വന്തമാക്കണമെന്നാണ് ബന്ധപ്പെട്ടവർ അറിയിക്കുന്നത്. ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ടീമുകളെയും കാറുകളെയും ഡ്രൈവർമാരെയും അടുത്തറിയാനുള്ള അവസരമായി ‘എഫ്1 പിറ്റ് ലെയ്ൻ വാക്ക്’ ടിക്കെറ്റെടുത്ത എല്ലാവർക്കും വ്യാഴാഴ്ച ഒരുക്കും.
ട്രാക്കിനകത്തെന്ന പോലെ പുറത്തും നിരവധി പരിപാടികളും ആക്ടിവിറ്റികളുമായി സജീവമാകും സാഖിർ. ഏപ്രിൽ 12 ശനിയാഴ്ച രാത്രി പ്രശസ്ത നൃത്ത സംഗീതജ്ഞ പെഗ്ഗി ഗൗ അവതരിപ്പിക്കുന്ന തത്സമയ പ്രകടനം വിനോദ പരിപാടികളുടെ മാറ്റുകൂട്ടും. മത്സരങ്ങൾക്കായി ടിക്കെറ്റെടുത്തവർക്ക് സംഗീത പരിപാടിയിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കും.
കൂടാതെ മറ്റനേകം വിനോദ, കായിക പരിപാടികളും ഗ്രാൻഡ്പ്രീയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ടിക്കറ്റുകൾ bahraingp.com എന്ന വെബ്സൈറ്റ് വഴിയോ +973-17450000 എന്ന നമ്പറിൽ വിളിച്ചോ സ്വന്തമാക്കാം. രാജ്യത്തിന് പുറത്തുള്ളവർക്ക് ഗൾഫ് എയർ ഹോളിഡേയ്സ്, ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് തയാറാക്കിയ നിരവധി യാത്രാ പാക്കേജുകളും ബി.ഐ.സി ഒരുക്കിയിട്ടുണ്ട്. യാത്രാ പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ gulfair.com/f1 എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

