ബഹ്ൈറൻ ഗ്രാൻഡ്പ്രീ; അന്താരാഷ്ട്ര പ്രസിദ്ധി നേടിയ സർക്യൂട്ട്
text_fieldsകിരീടാവകാശിയുംപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മോട്ടോർ സ്പോർട്സിനോടുള്ള അഭിനിവേശമാണ് ദ്വീപിലേക്ക് ഫോർമുല വൺ എത്താനിടയാക്കിയത്. മുൻ ഫോർമുല വൺ ലോക ചാമ്പ്യൻ സർ ജാക്കി സ്റ്റുവാർട്ടുമായി വിമാനത്തിൽവെച്ചുള്ള കൂടിക്കാഴ്ചയെത്തുടർന്നാണ് അദ്ദേഹത്തിന് ഈ ആഗ്രഹം ഉടലെടുത്തത്.
തുടർന്ന് ഏകദേശം 150 മില്യൺ ഡോളർ ചെലവഴിച്ച് സഖീർ മരുഭൂമിയുടെ ഹൃദയഭാഗത്തായി ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് നിർമിക്കുകയായിരുന്നു. പ്രശസ്ത ജർമൻ എൻജിനീയർ ഹെർമൻ ടിൽകെയാണ് 5.412 കിലോമീറ്റർ സർക്യൂട്ട് രൂപകൽപന ചെയ്തത്. ബഹ്റൈന്റെ സാംസ്കാരിക പരിസരത്തിനിണങ്ങുന്ന രൂപത്തിലായിരുന്നു രൂപകൽപന. ഏകദേശം 150 മില്യൺ ഡോളർ ചെലവഴിച്ച് 18 മാസമെടുത്താണ് നിർമാണം പൂർത്തീകരിച്ചത്. അഞ്ചു സർട്ടിഫൈഡ് ട്രാക്കുകൾ ഇവിടെയുണ്ട്. ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ്പ്രീ കൂടാതെ, എഫ്.ഐ.എ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്, ജി.പി2 സീരീസിലെ റേസുകൾ, പോർഷെ മൊബിൽ വൺ സൂപ്പർ കപ്പ് എന്നിവ ഇവിടെ നടക്കാറുണ്ട്.
ടിക്കറ്റുകൾ വിറ്റുതീർന്നു
മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ മുഴുവനും വിറ്റുതീർന്നതായി ബി.എ.സി അറിയിച്ചു. അനധികൃത ടിക്കറ്റുകൾ വാങ്ങി വഞ്ചിതരാകരുതെന്നും അംഗീകൃതമല്ലാത്ത കേന്ദ്രങ്ങളിൽനിന്ന് വാങ്ങിയ ടിക്കറ്റുമായെത്തുന്നവർക്ക് മത്സരവേദിയിലേക്ക് പ്രവേശനമുണ്ടാകുകയില്ലെന്നും ബി.എ.സി അറിയിച്ചു.
ടിക്കറ്റെടുത്തവർ നേരത്തേതന്നെ വേദിയിലെത്തണം. പാർക്കിങ് പാസെടുക്കുകയും അത് വാഹനത്തിന്റെ ഗ്ലാസിൽ പതിക്കുകയും ചെയ്യണം. എക്സിബിഷൻ വേൾഡ് ബഹ്റൈനിൽനിന്നും സിറ്റി സെന്ററിൽനിന്നും പാസുകൾ വാങ്ങാം. മൂന്നു ടിക്കറ്റുകൾക്ക് ഒരു പാസ് എന്ന നിലക്ക് നൽകും. കൂടുതൽ പാസ് ആവശ്യമുണ്ടെങ്കിൽ ഈ കേന്ദ്രങ്ങളിൽനിന്ന് വാങ്ങാം. മത്സരങ്ങളുടെ ടൈംടേബിളും ഗേറ്റുകൾ തുറക്കുന്ന സമയമടക്കമുള്ള മറ്റു കാര്യങ്ങളും bahraingo.com എന്ന സൈറ്റിൽനിന്ന് ലഭിക്കും. ബി.ഐ.സിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽനിന്നും മേൽപറഞ്ഞ വിവരങ്ങൾ ലഭിക്കും.
വൈദ്യസംഘം സജ്ജം
ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ 120 സ്പെഷലിസ്റ്റ് ഡോക്ടർമാർ ഡ്യൂട്ടിയിലുണ്ടാകും. ശസ്ത്രക്രിയ വിദഗ്ധർ, അനസ്തറ്റിസ്റ്റ്, പ്ലാസ്റ്റിക് സർജന്മാർ, ഓർത്തോപീഡിക്, എമർജൻസി ഫിസിഷ്യന്മാർ എന്നിവർ ഇതിൽ ഉൾപ്പെടും. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ പേർ വൈദ്യസംഘത്തിലുണ്ട്. ആംബുലൻസുകളും പാരാമെഡിക്കൽ സ്റ്റാഫുകളും ടീമിലുണ്ട്.
ടിക്കറ്റുള്ളവർക്ക് ഇന്ന് ടീമുകളെ അടുത്തുകാണാൻ അവസരം
ഗ്രാൻഡ്പ്രീ 2023ന് ടിക്കറ്റെടുത്ത ആരാധകർക്ക് വ്യാഴാഴ്ച രാത്രി സഖീറിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ (ബി.ഐ.സി) ടീമുകളെയും കാറുകളെയും അടുത്തു കാണാൻ സുവർണാവസരം. ഇന്നത്തെ പിറ്റ് ലെയ്ൻ വാക്കിൽ പതിനായിരങ്ങൾ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. ടീമുകൾ അവരുടെ ഗാരേജുകളിൽ നടത്തുന്ന അറ്റകുറ്റപ്പണികളുൾപ്പെടെ കാണികൾക്ക് വീക്ഷിക്കാം. ആരാധകർക്ക് ചിത്രങ്ങൾ എടുക്കാനും കഴിയും. ഭാഗ്യമുണ്ടെങ്കിൽ, നിങ്ങളുടെ ഇഷ്ടതാരങ്ങളെ കണ്ടെത്താനും കഴിയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.