ചരിത്രത്തിെൻറ നെടുവീർപ്പുയരുന്ന ബഹ്റൈൻ കോട്ട
text_fieldsമനാമ: സമുദ്രം അതിരിട്ട വളരെ ചെറിയൊരു മരുഭൂമി രാജ്യം. അവിടെ എന്താണ് ഇത്ര കാണാനുള്ളത് എന്നായിരിക്കും ആരുടെയും ആദ്യ ചോദ്യം. എന്നാൽ, ചരിത്രം ബാക്കിവെച്ചുപോയ ഒട്ടനേകം കാഴ്ചകളുടെ വലിയൊരു നാടാണ് ബഹ്റൈൻ. ചരിത്രത്തിെൻറ നെടുവീർപ്പുകളും അടക്കം പറച്ചിലുകളും ഇപ്പോഴും മുഴങ്ങുന്ന കോട്ടകളാണ് അതിൽ പ്രധാനം. ക്രിസ്തുവിന് മുമ്പ് 2300 വർഷത്തോളം പഴക്കമുള്ള ദിൽമൂൺ സംസ്കാരം തൊട്ട് തുടങ്ങുന്നതാണ് ബഹ്റൈെൻറ പാരമ്പര്യം. ആ പാരമ്പര്യത്തിെൻറ അടയാളങ്ങളിലൊന്നാണ് ബഹ്റൈൻ കോട്ട. മനാമയിൽനിന്ന് ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ കാലം കാവലിരിക്കുന്ന ബഹ്റൈൻ കോട്ടയിലെത്താം.
സഞ്ചാരികൾക്ക് മനോഹരമായൊരു ദൃശ്യാനുഭവം പകരുന്ന ഇൗ കോട്ടയിലേക്ക് കയറുേമ്പാൾ സമയത്തിന് പിന്നിലേക്ക് നടക്കുന്ന പ്രതീതിയാണുണ്ടാവുക. ചരിത്രത്തിെൻറ തിരശീല കടന്ന് നൂറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചാരികൾ കടന്നുചെല്ലും. കടലിനോട് ചേർന്നുള്ള കോട്ടയിൽ സദാ സമയവും തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടാകും. ആ കുളിരിൽ അലിഞ്ഞുവേണം കോട്ട നടന്ന് കാണാൻ. ചുറ്റും കിടങ്ങ് തീർത്ത കോട്ടക്ക് പുറത്ത് മനോഹരമായ നടവഴിയുണ്ട്. ഇൗ വഴിയിൽ വ്യായാമത്തിനായി നടക്കാനെത്തുന്നവരും ഏറെയാണ്.
പ്രധാന കവാടത്തിലൂടെ കോട്ടക്കുള്ളിൽ കയറിയാൽ സുന്ദരമായ നിർമിതികളാണ് കാണാൻ കഴിയുക. അകത്ത് നിരവധി ചെറു കവാടങ്ങളുണ്ട്. ഇതിലൂടെ കടന്നുവേണം കാഴ്ചകൾ കാണാൻ. ഇൗന്തപ്പനയുടെ തടിയാണ് ഭിത്തിയും കവാടങ്ങളുമൊക്കെ ബലപ്പെടുത്താൻ ഉപയോഗിച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കം ചെന്നിട്ടും കേടുകൂടാതിരിക്കുന്ന തടികൾ സഞ്ചാരികളെ ആശ്ചര്യപ്പെടുത്തും. ഇൗന്തപ്പഴത്തിെൻറ ചാറെടുക്കുന്നതിനുള്ള പ്രത്യേക കുഴികളും ചാലുകളും കോട്ടക്കുള്ളിൽ കാണാം. ഭൂമിക്കടിയിലുള്ള നിലവറകളും കോട്ടയിലുണ്ട്.
വിവിധ സമയങ്ങളിൽ പുരാവസ്തു ഗവേഷണങ്ങളിൽ ചരിത്രത്തിെൻറ നിരവധി ശേഷിപ്പുകൾ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. പുരാതന കാലത്തെ മനുഷ്യവാസത്തിെൻറയും വ്യാപാരത്തിെൻറയും സൈനിക ശേഷിയുടെയും മതജീവിതത്തിെൻറയുമെല്ലാം തെളിവുകൾ അത്ഭുതപ്പെടുത്തുന്ന ഒരു ഭൂതകാലമാണ് വിവരിച്ച് തരുന്നത്. കോട്ടയോട് ചേർന്ന് ഒരു മ്യൂസിയവുമുണ്ട്. ഇവിടെ കയറണമെങ്കിൽ ഫീസ് കൊടുക്കണം. കോട്ടക്ക് സമീപമുള്ള ഇൗന്തപ്പന തോട്ടവും മനോഹരമായ കാഴ്ചയാണ്. വാരാന്ത്യങ്ങളിൽ നിരവധി പേരാണ് കോട്ട കാണാൻ എത്തുന്നത്. ദിൽമൂൺ നാഗരികതയുടെ കാലത്താണ് കോട്ടയുടെ തുടക്കമെന്ന് ചരിത്രകാരൻമാർ പറയുന്നു.
നൂറ്റാണ്ടുകളുടെ അധിവാസത്തിെൻറ ഫലമായുണ്ടായ വിശാല കുന്നിൻമുകളിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. പിൽക്കാലങ്ങളിൽ കോട്ടയുടെ അവകാശികളായി പലരുമെത്തി. പോർച്ചുഗീസ് കോട്ട എന്നും ഇപ്പോഴത്തെ കോട്ട അറിയപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
