ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു
text_fieldsമനാമ: ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ കടൽ ഗതാഗതത്തിനും അന്താരാഷ്ട്ര ചരക്ക് നീക്കത്തിനും കടുത്ത ഭീഷണിയുയർത്തുന്ന നടപടിയാണിതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കൊല്ലപ്പെട്ട ഇന്ത്യൻ നാവികന്റെ കുടുംബത്തിനും ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുകയും അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്ത റോയൽ ഒമാൻ നാവികസേന ഉൾപ്പെടെയുള്ള ഒമാനിലെ അധികൃതരുടെ പ്രവർത്തനങ്ങളെ ബഹ്‌റൈൻ പ്രശംസിച്ചു.
ഹുർമുസ് കടലിടുക്കിലൂടെയും മറ്റ് പ്രധാന ജലപാതകളിലൂടെയുമുള്ള കപ്പൽ ഗതാഗതത്തിന്റെ സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ബഹ്‌റൈൻ ആവർത്തിച്ചു. സിവിലിയന്മാർക്കും ചരക്ക് കപ്പലുകൾക്കും നേരെയുള്ള ആക്രമണങ്ങൾ പൂർണ്ണമായും അംഗീകരിക്കാനാവില്ല. ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കരാറുകളും അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ നിർദ്ദേശങ്ങളും പാലിച്ച് സമാധാനവും ആഗോള സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്താൻ എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

