ഐക്യരാഷ്ട്രസഭയുടെ അടിയന്തര യോഗത്തിൽ രൂക്ഷവിമർശനവുമായി ബഹ്റൈൻ വിദേശകാര്യ മന്ത്രി
text_fieldsമനാമ: ബഹ്‌റൈന് നേരെ ഇറാൻ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ശക്തമായ പ്രതിഷേധം അറിയിച്ച് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി. ജൂൺ 17-ന് ഇസ്‌ലാമാബാദിൽ വെച്ച് അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രമനുസരിച്ച് സൈനിക നടപടികൾ നിർത്തിവെക്കാൻ ഇറാൻ സമ്മതിച്ചിരുന്നെങ്കിലും, അത് ലംഘിച്ചുകൊണ്ട് കഴിഞ്ഞ ആഴ്ചയും ബഹ്‌റൈന് നേരെ ആക്രമണങ്ങൾ നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 28 മുതൽ ഇന്നുവരെ 203 ബാലിസ്റ്റിക് മിസൈലുകളും 605 ഡ്രോണുകളും ഉൾപ്പെടെ ആകെ 808 ആക്രമണങ്ങളാണ് ബഹ്‌റൈന് നേരെ ഉണ്ടായത്. ഇതിൽ മൂന്ന് പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളുമടക്കം 465 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനസാന്ദ്രതയേറിയ ബഹ്‌റൈനിൽ വാസസ്ഥലങ്ങൾക്ക് സമീപമുള്ള വ്യവസായ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടക്കുന്നത്. ഏപ്രിൽ 5ന് സിത്രയിലെ ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയിലെ അമോണിയ ടാങ്കിന് നേരെ നടന്ന ഡ്രോൺ ആക്രമണം വലിയൊരു ദുരന്തത്തിന് വഴിവെക്കുമായിരുന്നു.
മുൻകരുതൽ നടപടിയായി ടാങ്ക് കാലിയാക്കിയതും ജനങ്ങളെ ഒഴിപ്പിച്ചതും വലിയ ആൾനാശം ഒഴിവാക്കി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, യു.എ.ഇയിലെ ബരാക്ക ആണവനിലയം എന്നിവക്ക് നേരെയും ഇതേ രീതിയിലുള്ള ആക്രമണങ്ങൾ മുൻപ് നടന്നിട്ടുണ്ടെന്നും, ഇത് മേഖലയിലെ മുഴുവൻ രാജ്യങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനവാസ മേഖലകളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യം വെക്കുന്നത് അന്താരാഷ്ട്ര നിയമപ്രകാരം യുദ്ധക്കുറ്റത്തിന് തുല്യമാണെന്ന് മന്ത്രി ഓർമിപ്പിച്ചു. ഏതെങ്കിലും രാജ്യങ്ങളുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ മൂന്നാമതൊരു രാജ്യത്തെ പൗരന്മാരെ ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രി, അന്താരാഷ്ട്ര നിയമങ്ങളും സമാധാനവും സംരക്ഷിക്കാൻ സുരക്ഷാ കൗൺസിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ഒപ്പുവെക്കുന്ന കരാറുകൾ വെറും കടലാസിലൊതുക്കാതെ അത് പാലിക്കാനുള്ള ആർജ്ജവം ഇറാൻ കാണിക്കണമെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

