ബഹ്റൈൻ ഫുഡ് ട്രക്ക് പദ്ധതിക്ക് അംഗീകാരം
text_fieldsമനാമ: എല്ലാ സൗകര്യങ്ങളോടും കൂടിയ 'ഫുഡ് ട്രക്ക് സോണുകൾ' സ്ഥാപിക്കുന്നതിനുള്ള സമഗ്രമായ നിർദേശത്തിന് മുനിസിപ്പാലിറ്റികാര്യ-കൃഷി മന്ത്രാലയം ഔദ്യോഗികമായി അംഗീകാരം നൽകി. ബഹ്റൈനിലെ അതിവേഗം വളരുന്ന ഫുഡ് ട്രക്ക് മേഖലക്ക് ഒരു പ്രധാന മാറ്റത്തിന് വഴിയൊരുക്കുന്നതാണ് ഈ നിർദേശം. 'ഫുഡ് ട്രക്ക്-ബഹ്റൈൻ' എന്നറിയപ്പെടുന്ന ഈ സംരംഭം, സംരംഭകത്വം, ടൂറിസം, സാംസ്കാരിക സ്വത്വം എന്നിവ സമന്വയിപ്പിച്ച് ദുബൈയിലെ 'ലാസ്റ്റ് എക്സിറ്റ്' മാതൃകക്ക് സമാനമായി നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
മുനിസിപ്പാലിറ്റികാര്യ-കൃഷിമന്ത്രി വഈൽ അൽ മുബാറക് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡിന് അയച്ച ഔദ്യോഗിക കത്തിലാണ് പദ്ധതിക്ക് അംഗീകാരം അറിയിച്ചത്. വാണിജ്യപരമായ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ബഹ്റൈൻ ചെറുകിട ബിസിനസുകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന ഒരു നല്ല ചുവടുവെപ്പാണിതെന്ന് മന്ത്രി പറഞ്ഞു.
എല്ലാ ഗവർണറേറ്റുകളിലും സ്ഥലങ്ങൾ കണ്ടെത്തുന്നതിനും ഫുഡ് ട്രക്ക് ഉടമകൾക്ക് എളുപ്പത്തിൽ സൈറ്റ് റിസർവേഷനും ലൈസൻസിങ്ങിനുമായി ഒരു ഇലക്ട്രോണിക് സംവിധാനം വികസിപ്പിക്കുന്നതും ഉൾപ്പെടെയുള്ള ആദ്യഘട്ട ചട്ടക്കൂട് ഇതിനകം തയാറാക്കിയിട്ടുണ്ട്.
വൈദ്യുതി, വെള്ളം, അഴുക്കുചാൽ സൗകര്യങ്ങൾ, ലൈറ്റിങ്, സി.സി.ടി.വി സുരക്ഷ, ഇരിപ്പിടങ്ങൾ, സ്മാർട്ട് മാലിന്യം വേർതിരിക്കുന്ന കണ്ടെയ്നറുകൾ, പ്രത്യേക ഇവന്റ് ഏരിയകൾ എന്നിവയുള്ള ഫുൾ സർവിസ് ഹബുകൾ ആയിരിക്കും ഈ കേന്ദ്രങ്ങൾ.
പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ് രീതിയിലാണ് ഇത് പ്രവർത്തിക്കുക. സ്ഥലവും അടിസ്ഥാനസൗകര്യങ്ങളും സർക്കാർ നൽകും. സൗകര്യങ്ങൾ കൈകാര്യം ചെയ്യുകയും നിക്ഷേപം നടത്തുകയും ചെയ്യുന്നത് സ്വകാര്യ ഓപറേറ്റർമാരാവും. സേവനങ്ങൾ ലഭ്യമാക്കുന്നതിന് നാമമാത്രമായ ഫീസ് നൽകി ഫുഡ് ട്രക്ക് ഉടമകൾ ഉപയോഗിക്കും. റിസർവേഷനും ലൈസൻസിങ്ങിനുമുള്ള ഇലക്ട്രോണിക് പ്ലാറ്റ്ഫോം പൂർത്തിയാക്കിയാൽ ഉടൻ തന്നെ ഫുഡ് ട്രക്ക് ഉടമകൾക്ക് അപേക്ഷിക്കാൻ സാധിക്കും. ഈ പദ്ധതി സംരംഭകത്വത്തെ ഉത്തേജിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ബഹ്റൈനിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

