ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
text_fieldsമനാമ: ബഹ്റൈനിലെ ഭക്ഷണപ്രേമികൾ കാത്തിരുന്ന ബഹ്റൈൻ ഫുഡ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം. ദിയാർ അൽ മുഹറഖിലെ മറാസി ഗലേറിയയിലൊരുങ്ങിയ മേളയുടെ ഒമ്പതാം പതിപ്പ് ഫെബ്രുവരി 26 വരെ 20 ദിവസങ്ങളിലായി തുടരും. വിവിധതരം ഭക്ഷണവിഭവങ്ങളുമായി 120 റസ്റ്റാറന്റുകളും കഫേകളുമായി ഒരുക്കിയ ഫെസ്റ്റിൽ പ്രവേശനം സൗജന്യമാണ്. ഞായർ മുതൽ ബുധൻ വരെ വൈകീട്ട് നാലു മുതൽ രാത്രി 11 വരെയും വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ അർധരാത്രി 12 വരെയുമാണ് സന്ദർശന സമയം.
3500 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന അതിവിശാലമായ മേള ഭക്ഷണപ്രേമികൾക്ക് വിസ്മയവും ആനന്ദവും നൽകുന്നതാണ്. കൂടാതെ ഫാമിലി സന്ദർശകരെ ആകർഷിക്കാൻ പാകത്തിൽ തയാറാക്കിയ വിവിധ കലാപരിപാടികളും, കുട്ടികൾക്കായുള്ള ഗെയിം സെന്ററുകളും മേളയുടെ ഭാഗമായി സജ്ജമാക്കിയിട്ടുണ്ട്.
ഫുഡ് ട്രക്കുകൾ, കിയോസ്കുകൾ, പരമ്പരാഗത രീതിയിലുള്ള ഭക്ഷണഗ്രാമങ്ങളടക്കം വ്യത്യസ്ത സോണുകളായാണ് ഭക്ഷണവിഭവങ്ങൾ ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിവലിന് സമീപം ഒരുക്കിയിട്ടുള്ള പാർക്കിങ് സൗകര്യവും മറാസി ഗലേറിയയിലെ പാർക്കിങ്ങും സന്ദർശകർക്ക് പ്രയോജനപ്പെടുത്താം. വിനോദ പരിപാടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.calendar.bh വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

