തിരുവനന്തപുരം, അബുദാബി, ബഹ്റൈൻ കണക്ഷൻ വിമാനത്തിലെ ലഗേജുകൾ നഷ്ടപ്പെട്ടതായി പരാതി; ദുരിതത്തിലായി യാത്രക്കാർ
text_fieldsമനാമ: തിരുവനന്തപുരത്തുനിന്നും അബുദാബി വഴി ബഹ്റൈനിലെത്തിയ കണക്ഷൻ വിമാനത്തിലെ യാത്രക്കാരുടെ ലഗേജുകൾ ലഭിക്കാത്തതായി പരാതി. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വിമാനം വൈകിയാണ് അബുദാബിയിലെത്തിയത്.
തുടർന്ന് അബുദാബിയിൽനിന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ട വിമാനത്തിലേക്ക് യാത്രക്കാരെ വേഗത്തിൽ കയറ്റിവിടുകയായിരുന്നു. ഈ സമയപരിമിതിമൂലം ലഗേജുകൾ വിമാനത്തിൽ കയറ്റാൻ സാധിച്ചിട്ടുണ്ടാകില്ലെന്നാണ് യാത്രക്കാരുടെ അനുമാനം. എന്നാൽ, ഇതുസംബന്ധിച്ച് എയർലൈൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ വ്യക്തമായ മറുപടിയും ലഭിച്ചിട്ടില്ല.
ഉച്ചയോടുകൂടി ബഹ്റൈൻ എയർപോർട്ടിലെത്തിയ യാത്രക്കാർ ലഗേജ് കാണാത്തതിനെ തുടർന്ന് അധികൃതരെ പരാതി അറിയിച്ചു. തുടർന്ന് വൈകുന്നേരം 7 മണിക്ക് ലഗേജ് വാങ്ങാൻ എത്താൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. സൗദിയിലേക്ക് യാത്ര തിരിക്കേണ്ടവരുൾപ്പെടെയുള്ള നിരവധി പേർ ലഗേജിനായി വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരുന്നു.
എന്നാൽ, വൈകുന്നേരമായിട്ടും ലഗേജ് ലഭ്യമാകാത്തത് യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കി. ഭക്ഷണസാധനങ്ങളും ജീവൻരക്ഷാ മരുന്നുകളും ഉൾപ്പെടെയുള്ള അത്യാവശ്യ വസ്തുക്കളാണ് ലഗേജുകളിൽ ഉള്ളതെന്ന് യാത്രക്കാർ വ്യക്തമാക്കി.

