ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ നവംബർ മൂന്നുമുതൽ ഏഴുവരെ
text_fieldsമനാമ: ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ നാലാം പതിപ്പ് നവംബർ മൂന്നുമുതൽ ഏഴുവരെ നടക്കും. 23 അറബ് രാജ്യങ്ങളിൽനിന്നുള്ള 89 ഹ്രസ്വചിത്രങ്ങൾ മേളയിലേക്ക് തിരഞ്ഞെടുത്തു. ആകെ 481 എൻട്രികളാണ് ലഭിച്ചിരുന്നത്.
ബഹ്റൈനി എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ ഡോ. പർവീൻ ഹബീബിന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് നടത്തിയത്. സൗദി ഡയറക്ടർ റീം അൽ ബയാത്ത്, ഡോ. ഹകീം ജുമാ, എമിറാത്തി ഡയറക്ടർ നവാഫ് അൽ ജനാഹി എന്നിവരായിരുന്നു മറ്റു ജൂറി അംഗങ്ങൾ. ബഹ്റൈൻ ഫിലിം ക്ലബുമായി സഹകരിച്ചാണ് മേള സംഘടിപ്പിക്കുന്നത്. ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടക്കുന്ന ഈ ഫിലിം ഫെസ്റ്റിൽ അറബ്, ഗൾഫ് ചലച്ചിത്ര പ്രവർത്തകരുടെ വിപുലമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്.
ഷോർട്ട് ആഖ്യാന ചിത്രങ്ങൾ, ഷോർട്ട് ഡോക്യുമെന്ററികൾ, ആനിമേഷൻ സിനിമകൾ, ബഹ്റൈൻ സിനിമകൾ, സ്റ്റുഡന്റ് ഫിലിമുകൾ എന്നിങ്ങനെ അഞ്ച് പ്രധാന വിഭാഗങ്ങളിലായാണ് ഔദ്യോഗിക മത്സരം. എൻട്രികളിൽ 43 ഫിക്ഷൻ സിനിമകൾ, 25 ഡോക്യുമെന്ററികൾ, 10 സ്റ്റുഡന്റ് ഫിലിമുകൾ, ആറ് ആനിമേഷൻ സിനിമകൾ, അഞ്ച് ബഹ്റൈൻ സിനിമകൾ എന്നിവ ഉൾപ്പെടുന്നതായി ഡോ. പർവീൻ ഹബീബ് പറഞ്ഞു.ബഹ്റൈൻ ചിത്രമായ ജാൻ അൽബലൂഷിയുടെ അണ്ടർ ദ സാൻഡ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത് ബലൂചിസ്ഥാൻ പ്രവിശ്യയിലെ വീടുകൾ മണലിൽ മുങ്ങിക്കൊണ്ടിരിക്കുന്നത് പ്രമേയമാക്കുന്നു.
പ്രദേശവാസികളുടെ വെല്ലുവിളി നിറഞ്ഞ ദൈനംദിന പോരാട്ടങ്ങളിലേക്ക് സിനിമ മിഴി തുറക്കുന്നു. ഇന്ത്യയിലെ ക്രൗൺ വുഡ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ 2024ലെ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് ഈ ഹ്രസ്വചിത്രം നേടിയിട്ടുണ്ട്; അൽശർഖിയ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ഒമാൻ സിനിമ ആൻഡ് ഡെസേർട്ട് ഫിലിം ഫെസ്റ്റിവൽ, ബൈറൂത് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിലും പുരസ്കാരങ്ങൾ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

