ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിന് ഇന്ന് തുടക്കം
text_fieldsബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് (ഫയൽ)
മനാമ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിന് ഇന്ന് ബുദൈയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമാകും. രാവിലെ 10ന് ഉദ്ഘാടന ചടങ്ങോടെയാണ് വിപണി ആരംഭിക്കുക. മുനിസിപ്പാലിറ്റീസ് കാര്യ-കാർഷിക മന്ത്രാലയം, നാഷനൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റുമായി സഹകരിച്ചാണ് ഈ വർഷവും വിപണി സംഘടിപ്പിക്കുന്നത്.
ഇന്നുമുതൽ അടുത്ത വർഷം ഫെബ്രുവരി 14 വരെയാണ് വിപണി പ്രവർത്തിക്കുക. ഈ വർഷം 32 പ്രാദേശിക കർഷകർ, നിരവധി കാർഷിക കമ്പനികൾ, ഉൽപ്പാദന കുടുംബങ്ങൾ, നഴ്സറികൾ, തേനീച്ച വളർത്തുന്നവർ എന്നിവർ വിപണിയിൽ അണിനിരക്കും. സന്ദർശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഇത്തവണത്തെ വിപണിയിൽ റസ്റ്റാറന്റുകളും കഫേകളും ഒരുക്കിയിട്ടുണ്ട്. കൈത്തൊഴിൽ പ്രവർത്തനങ്ങൾ, കുട്ടികൾക്കായുള്ള വിദ്യാഭ്യാസ, വിനോദ പരിപാടികൾ, കുടുംബ സൗഹൃദ വിനോദങ്ങൾ എന്നിവയും വിപണിയുടെ ഭാഗമായി ഉണ്ടാകും.
സംഘാടകർ സന്ദർശകർക്കായി ചില മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. വിപണിയിൽ പുകവലിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ബൈസൈക്കിളുകൾ, ഗ്രില്ലുകൾ, ബാർബിക്യൂ കുക്കറുകൾ, പന്തുകൾ, കായിക ഉപകരണങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവ അനുവദനീയമല്ല. പ്രഫഷനൽ, വാണിജ്യആവശ്യങ്ങൾക്കായി ഫോട്ടോകളും വിഡിയോകളും എടുക്കുന്നവർ അധികാരികളിൽ നിന്ന് അനുമതി വാങ്ങണം. പ്രാദേശിക കാർഷിക ഉൽപ്പാദനം വർധിപ്പിക്കുന്നതിനും കർഷകരെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിനും ഈ വിപണി സഹായിക്കുമെന്ന് മുനിസിപ്പാലിറ്റീസ് കാര്യ-കാർഷിക മന്ത്രി വഈൽ അൽ മുബാറക് നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

