ബഹ്റൈനിൽ അഞ്ചിടങ്ങളിൽ ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും
text_fieldsമനാമ: ബഹ്റൈനിൽ അഞ്ചിടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ക്വിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുമെന്ന് വൈദ്യുതി-ജലകാര്യ മന്ത്രി യാസിർ ബിൻ ഇബ്രാഹിം ഹുമൈദാൻ. ബഹ്റൈൻ കാർ ഏജന്റ്സ് അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി കാറുകളുടെ ഉപയോഗത്തിന് വലിയ പ്രോത്സാഹനം നൽകുമെന്നും 15 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാവുന്ന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് പദ്ധതിയെന്നും മന്ത്രി വിശദീകരിച്ചു.
രാജ്യത്തെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ പ്രോത്സാഹനം നൽകുകയെന്നത്. സ്വകാര്യ മേഖലയുമായി സഹകരിച്ച് ഇലക്ട്രിക് വാഹനമേഖല കൂടുതൽ ശക്തമാക്കാനാണ് സർക്കാർ ശ്രമം. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി വർധിപ്പിക്കുന്നതിന് വിവിധ വാഹന ഏജൻസികൾ തയാറായത് അഭിനന്ദനാർഹമായ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുതിയ സാങ്കേതികവിദ്യയോടൊപ്പം സഞ്ചരിക്കാനുള്ള ബഹ്റൈൻ ശ്രമങ്ങൾക്ക് സാധ്യമാകുന്ന പിന്തുണ നൽകുമെന്ന് വാഹന ഏജൻസികൾ വ്യക്തമാക്കുകയും ചെയ്തു.

