രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ 85 ശതമാനവും എണ്ണയിതര വ്യവസായത്തിൽ നിന്ന്
text_fieldsമനാമ: ബഹ്റൈൻ സമ്പദ് വ്യവസ്ഥയുടെ 85 ശതമാനവും എണ്ണയിതര വ്യവസായത്തിൽനിന്നെന്ന് വിലയിരുത്തൽ. നാഷനൽ ആക്ഷൻ ചാർട്ടർ 24ന്റെ നിറവിലെത്തി നിൽക്കുമ്പോൾ പദ്ധതി രാജ്യത്തിന് നൽകിയ പ്രധാന നേട്ടമായാണ് ഇതിനെ കാണുന്നത്. പദ്ധതി പ്രഖ്യാപിച്ചത് മുതൽ രാജ്യം എണ്ണയിതര വ്യവസായമേഖലയുടെ ഉയർച്ചക്കായും സാമ്പത്തിക നേട്ടം അധികരിപ്പിക്കാനുമുള്ള ശ്രമത്തിലായിരുന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ദീർഘവീക്ഷണത്തിന്റെ പ്രതിഫലനമെന്നോണം രാജ്യം വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യത്യസ്ത വ്യവസായങ്ങൾ രാജ്യത്തെ വളർച്ചയിലേക്ക് നയിക്കുകയാണ്. ടൂറിസം, സാമ്പത്തിക സേവനങ്ങൾ ഉയർത്തൽ, വ്യവസായം എന്നിവയിലേക്ക് രാജ്യ താൽപര്യം മാറ്റിത്തുടങ്ങിയത് 2001ന് നാഷനൽ ആക്ഷൻ ചാർട്ടറിന്റെ പ്രഖ്യാപനത്തോടെയാണ്. ഇത്തരം സുപ്രധാന വ്യവസായങ്ങളെ പിന്തുണക്കുന്നതിലൂടെ സമ്പദ് വ്യവസ്ഥയെ കെട്ടിപ്പടുക്കുക എന്നതാണ് രാജ്യം ലക്ഷ്യമിട്ടത്.
ജി.ഡി.പി കണക്കു പ്രകാരം രാജ്യത്തെ സാമ്പത്തിക മേഖലക്ക് എണ്ണ കഴിഞ്ഞാൽ ഏറ്റവും അധികം സംഭാവന നൽകുന്നത് ഉൽപാദനത്തിൽനിന്നാണ്. അതിൽ അലുമിനിയത്തിന്റെ പങ്കാണ് പ്രധാനം. 2024ന്റെ ആദ്യ പാദത്തിൽ ജി.ഡി.പിയുടെ 21.01 ശതമാനം സംഭാവന ഉൽപാദന മേഖലയിൽനിന്നായിരുന്നു. എന്നാൽ, രണ്ടാം പാദത്തിൽ അത് 18.93 ആയി കുറഞ്ഞു.
എന്നാൽ, നിലവിൽ 20.08 ശതമാനമായി ഉയർന്നിട്ടുണ്ട്. ജി.ഡി.പിയുടെ 20.8 ശതമാനമാണ് എണ്ണയിൽനിന്ന് രാജ്യം നേടുന്നത്. 16.7 ശതമാനത്തിന്റെ മാത്രം വളർച്ച ധനകാര്യ സ്ഥാപനങ്ങളിൽനിന്നോ അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മേഖലകളിൽനിന്നോ ആണ്. രാജ്യത്ത് നിലവിൽ 406 ധനകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ബാങ്കിങ് മേഖലയിൽ ഇസ്ലാമിക് ഫൈനാൻസ് ആധാരമാക്കി പ്രവർത്തിക്കുന്നതിൽ ഗൾഫ് മേഖലയിൽ ബഹ്റൈൻ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
നിവലിൽ രാജ്യം പരമ്പരാഗത ബാങ്കുകളുടെയും ഇസ്ലാമിക് ബാങ്കുകളുടെയും ഇൻഷുറൻസ് സ്ഥാപനങ്ങളുടെയും പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. ഉൽപാദന മേഖല 14.5 ശതമാനവും, ഗതാഗത, ആശയവിനിമയ മേഖല 6.8 ശതമാനവും, നിർമാണ മേഖല 6.6 ഉം, റിയൽ എസ്റ്റേറ്റ് 4.1, ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് വഴി 2.4 ശതമാനവുമാണ് രാജ്യത്തിന് നൽകുന്ന എണ്ണയിതര സംഭാവനകൾ. മറ്റു സേവന വ്യവസായങ്ങൾ 18.7 ശതമാനമാണ് നൽകുന്നത്. പ്രതിവർഷം ശരാശരി അഞ്ച് ശതമാനമാണ് സാമ്പത്തിക വളർച്ച.
എണ്ണയിതര വ്യവസായമാണ് നിലവിൽ രാജ്യത്തിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നതെന്ന് സുസ്ഥിര വികസന മന്ത്രിയും സാമ്പത്തിക വികസന ബോർഡ് ചീഫ് എക്സിക്യുട്ടിവുമായ നൂർ അൽ ഖുലൈഫ് ദാവോസ് ഫോറത്തിൽ സംസാരിക്കവെ പറഞ്ഞിരുന്നു. എണ്ണക്ക് പുറമേ, ഉൽപാദന മേഖല രാജ്യത്തിനു നൽകുന്ന സംഭാവനയും അതിൽ അലുമിനിയം വഹിക്കുന്ന പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

