സുഡാനിൽ അടിയന്തര വെടിനിർത്തൽ വേണം, ഐക്യരാഷ്ട്രസഭയിൽ നിലപാട് വ്യക്തമാക്കി ബഹ്റൈൻ
text_fieldsജമാൽ ഫാരിസ് അൽ റുവൈഇ
മനാമ: സുഡാനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, അടിയന്തര വെടിനിർത്തലിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബഹ്റൈൻ ആവശ്യപ്പെട്ടു. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് ദാർഫുറിലെ സ്ഥിതിഗതികളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി നടത്തിയ വിശദീകരണ യോഗത്തിലാണ് ബഹ്റൈൻ നിലപാട് വ്യക്തമാക്കിയത്.
യു.എന്നിലെ ബഹ്റൈൻ സ്ഥിരം പ്രതിനിധി അംബാസഡർ ജമാൽ ഫാരിസ് അൽ റുവൈഇ രാജ്യത്തെ പ്രതിനിധീകരിച്ച് പ്രസ്താവന നടത്തി.സുഡാന്റെ ഐക്യവും പരമാധികാരവും സംരക്ഷിച്ചുകൊണ്ട് ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നപരിഹാരം കാണണം.
സമാധാനവും സ്ഥിരതയും വികസനവും ആഗ്രഹിക്കുന്ന സുഡാനി ജനതയുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകണം. ദാർഫുർ മേഖലയിൽ തുടരുന്ന സംഘർഷങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ അതിഗുരുതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സുഡാനിലെ നീതിന്യായ വ്യവസ്ഥയെ ബലപ്പെടുത്തുന്ന രീതിയിലുള്ള സഹകരണമാണ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് ബഹ്റൈൻ നിർദേശിച്ചു.
2021ൽ ഒപ്പുവെച്ച ധാരണപത്രത്തിന്റെ അടിസ്ഥാനത്തിൽ സുഡാൻ സർക്കാറും ഐ.സി.സിയും തമ്മിലുള്ള സഹകരണം തുടരുന്നതിനെ രാജ്യം സ്വാഗതം ചെയ്തു. സുഡാന്റെ ആഭ്യന്തര നിയമസംവിധാനങ്ങളുടെ പരമാധികാരത്തെ ബാധിക്കാത്ത തരത്തിൽ വേണം അന്താരാഷ്ട്ര നിയമനടപടികൾ മുന്നോട്ട് കൊണ്ടുപോകാനെന്നും ബഹ്റൈൻ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

