ജി.സി.സി റെയിൽവേ നിയമം; കൂടുതൽ പഠനത്തിന് മാറ്റി പാർലമെന്റ് സമിതി
text_fieldsമനാമ: ജി.സി.സി റെയിൽവേ ശൃംഖലയുടെ പൂർത്തീകരണ കാലയളവായ 2030 ഡിസംബറിനുള്ളിൽ ബഹ്‌റൈൻ ഘട്ടം പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കവെ, രാജ്യത്തെ പുതിയ റെയിൽവേ നിയന്ത്രണ നിയമം പാർലമെന്ററി സമിതി കൂടുതൽ പഠനത്തിനായി മാറ്റിവെച്ചു.
പൊതുമരാമത്ത്, പരിസ്ഥിതി കാര്യ പാർലമെന്റ് സമിതിയാണ് 2026-ലെ 42-ാം നമ്പർ ഓർഡിനൻസ് കൂടുതൽ വിശദമായി പഠിക്കാൻ തീരുമാനിച്ചത്. ഗതാഗത, വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫ പങ്കെടുത്ത യോഗത്തിൽ കമ്മിറ്റി ചെയർമാൻ ഹിഷാം അൽ അവാദിയാണ് ഇക്കാര്യം അറിയിച്ചത്. റെയിൽവേ മേഖലയെ നിയന്ത്രിക്കുന്നതിനും നിയമപരമായ ചട്ടക്കൂട് രൂപീകരിക്കുന്നതിനുമുള്ള വ്യവസ്ഥകൾ പരിശോധിച്ച് ഉറപ്പുവരുത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന് സമിതി വ്യക്തമാക്കി.
റെയിൽവേ നിർമ്മാണം, മാനേജ്‌മെന്റ്, പ്രവർത്തനം, അറ്റകുറ്റപ്പണികൾ, സുരക്ഷാ മാനദണ്ഡങ്ങൾ, ലൈസൻസിംഗ്, യാത്രക്കാരുടെ സംരക്ഷണം, നിയമലംഘനങ്ങൾക്കുള്ള ശിക്ഷകൾ എന്നിവ അടങ്ങിയതാണ് നിർദ്ദിഷ്ട നിയമം. നിയമം പ്രാബല്യത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ എക്സിക്യൂട്ടീവ് റെഗുലേഷനുകളും, ആറുമാസത്തിനകം സാങ്കേതിക മാനദണ്ഡങ്ങളും പുറപ്പെടുവിക്കേണ്ടതുണ്ട്.
ആറ് ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന 2,117 കിലോമീറ്റർ നീളമുള്ള ജി.സി.സി റെയിൽ ശൃംഖലയിൽ 36 കിലോമീറ്ററാണ് ബഹ്‌റൈനിലൂടെ കടന്നുപോകുന്നത്. നിലവിലെ കിങ് ഫഹദ് കോസ്‌വേയ്ക്ക് സമാന്തരമായി നിർമ്മിക്കുന്ന 57 കിലോമീറ്റർ നീളമുള്ള പുതിയ കിംഗ് ഹമദ് കോസ്‌വേ വഴിയാണ് സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്നത്. ഇതിൽ നാല് റോഡ് ലെയ്നുകളും രണ്ട് റെയിൽവേ ട്രാക്കുകളും ഉണ്ടാകും. റാംലിയിലെ കിംഗ് ഹമദ് ഇന്റർനാഷണൽ റെയിൽവേ സ്റ്റേഷനെ സൗദിയിലെ ദമാം സ്റ്റേഷനുമായി ഇത് ബന്ധിപ്പിക്കും. റാംലി സ്റ്റേഷൻ ബഹ്‌റൈൻ മെട്രോ ശൃംഖല വഴി വിമാനത്താവളവുമായും മറ്റ് പ്രധാന മേഖലകളുമായും ബന്ധിപ്പിക്കാനാണ് പദ്ധതി. 2050 ആകുമ്പോഴേക്കും പ്രതിവർഷം 80 ലക്ഷം യാത്രക്കാരും, ബഹ്‌റൈൻ സ്റ്റേഷനിലെ ഫ്രൈറ്റ് യാർഡ് വഴി 6 ലക്ഷം കണ്ടെയ്നറുകളും 1.3 കോടി ടൺ ചരക്കും കൈകാര്യം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾക്കോ ട്രെയിനുകൾക്കോ നേരെ ബോധപൂർവ്വമായ ആക്രമണം നടത്തുന്നവർക്ക് 5 മുതൽ 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. ആക്രമണത്തിൽ ട്രെയിനോ അടിസ്ഥാന സൗകര്യങ്ങളോ നശിച്ചാൽ ജീവപര്യന്തം തടവും, ആരെങ്കിലും കൊല്ലപ്പെട്ടാൽ വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കും. റെയിൽവേ ശൃംഖലയിൽ അട്ടിമറി നടത്തിയാൽ 5 മുതൽ 10 വർഷം വരെ തടവും 3,000 മുതൽ 1,00,000 ബഹ്‌റൈൻ ദീനാർ വരെ പിഴയും ചുമത്തും. അനധികൃതമായി റെയിൽവേ ട്രാക്ക് മുറിച്ചു കടന്നാൽ 3 മാസം വരെ തടവും 100 മുതൽ 1,000 ദീനാർ വരെ പിഴയും നേരിടേണ്ടിവരും. ഇതോടൊപ്പം, 2013-ലെ 14-ാം നമ്പർ സിവിൽ ഏവിയേഷൻ റെഗുലേഷൻ നിയമത്തിൽ ഭേദഗതി വരുത്തുന്ന 2026-ലെ 41-ാം നമ്പർ ഓർഡിനൻസും കൂടുതൽ പഠനത്തിനും ചർച്ചകൾക്കുമായി മാറ്റിവെക്കാൻ സമിതി തീരുമാനിച്ചിട്ടുണ്ട്.

