സമഗ്ര പങ്കാളിത്തം സംബന്ധിച്ച് ബഹ്റൈൻ- ചൈന സംയുക്ത പ്രസ്താവന
text_fieldsനാഷനൽ പീപ്ൾസ് കോൺഗ്രസ് ഹമദ് രാജാവ് സന്ദർശിച്ചപ്പോൾ
മനാമ: ബഹ്റൈനും ചൈനയും സമഗ്രവും നയതന്ത്രപരവുമായ പങ്കാളിത്തം സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഔദ്യോഗിക സംസ്ഥാന സന്ദർശന വേളയിലാണ് പ്രഖ്യാപനം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഹമദ് രാജാവും കൂടിക്കാഴ്ച നടത്തി.
ചൈന-ജി.സി.സി ഉച്ചകോടിയുടെ ഫലങ്ങൾ നടപ്പാക്കുക, തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുക, ചൈന-ജി.സി.സി സ്വതന്ത്ര വ്യാപാര കരാറിനായി പ്രവർത്തിക്കുക എന്നിവ സംബന്ധിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഹമദ് രാജാവ് കൂടിക്കാഴ്ച നടത്തുന്നു
ഹമദ് രാജാവ് ചൈനയിലെ നാഷനൽ പീപ്പിൾസ് കോൺഗ്രസ് സന്ദർശിച്ചു. നാഷനൽ പീപ്പിൾസ് കോൺഗ്രസ് സ്പീക്കർ ലെജി ഷാവോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചൈന സ്റ്റേറ്റ് കൗൺസിൽ പ്രീമിയർ ലി ക്വിയാങ്ങുമായും കൂടിക്കാഴ്ച നടന്നു.
നാഷനൽ പീപ്പിൾസ് കോൺഗ്രസ് സ്പീക്കറുമായി നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനും ചൈനയുമായുള്ള ബന്ധം ഊഷ്മളമായി മുന്നോട്ടുകൊണ്ടുപോകാൻ പ്രത്യേക പ്രാധാന്യം നൽകുന്നുവെന്നും വിവിധ മേഖലകളിൽ ചൈനയുമായി സഹകരണം ശക്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും ഹമദ് രാജാവ് പറഞ്ഞു.
വ്യാപാരം, ഉൽപാദനം, നിക്ഷേപം, വികസനം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുതാൽപര്യമുള്ള വിഷയങ്ങളും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു.ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢവും തന്ത്രപരവുമായ ബന്ധത്തിൽ പുതിയ മാനങ്ങൾ നൽകുന്ന ഹമദ് രാജാവിന്റെ ചൈന സന്ദർശനത്തെ സ്പീക്കർ ഷാവോ സ്വാഗതം ചെയ്തു. അറബ് സ്റ്റേറ്റ് കോഓപറേഷൻ ഫോറത്തിന്റെ പത്താം മന്ത്രിതല യോഗത്തോടനുബന്ധിച്ചാണ് ഹമദ് രാജാവിന്റെ ചൈന സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

