ഭരണനിർവഹണം നവീകരിക്കാൻ ബഹ്റൈൻ ചേംബർ; സമഗ്ര പുനഃസംഘടനക്ക് അംഗീകാരം
text_fieldsചെയർമാൻ നബീൽ കാനൂവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിന്ന്
മനാമ: ഭരണനിർവ്വഹണം നവീകരിക്കുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് (ബി.സി.സി.ഐ) സമഗ്രമായ പുനഃസംഘടന പ്രഖ്യാപിച്ചു. നബീൽ കാനൂവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മുപ്പത്തിയൊന്നാം സെഷൻ്റെ രണ്ടാം യോഗത്തിലാണ് നിർണ്ണായകമായ ഈ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത്. ഏപ്രിൽ 25ന് നടന്ന ജനറൽ അസംബ്ലിയിലെ മികച്ച പങ്കാളിത്തം രാജ്യത്തിൻ്റെ സാമ്പത്തിക നയരൂപീകരണത്തിൽ സ്വകാര്യ മേഖലയ്ക്കുള്ള താൽപ്പര്യമാണ് വ്യക്തമാക്കുന്നതെന്ന് യോഗം വിലയിരുത്തി.
ഈ പരിഷ്കാരങ്ങളുടെ ഭാഗമായി കമ്മിറ്റികളുടെ നേതൃത്വത്തിലേക്കും അംഗത്വത്തിലേക്കും യോഗ്യതയുടെ അടിസ്ഥാനത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനായി ഒരു കമ്മിറ്റി കോ-ഓർഡിനേഷൻ ഗ്രൂപ്പ് രൂപീകരിക്കും. സാമ്പത്തിക രംഗത്തെ എല്ലാ മേഖലകൾക്കും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സെക്ടറൽ കമ്മിറ്റികൾ എത്രയും വേഗം പുനഃസംഘടിപ്പിക്കാൻ ബോർഡ് നിർദ്ദേശം നൽകി. പരിചയസമ്പന്നരായ വ്യാപാരികളെയും ബിസിനസ്സ് നേതാക്കളെയും ഉൾപ്പെടുത്തിക്കൊണ്ട് കൺസൾട്ടേറ്റീവ് കൗൺസിൽ പുനഃസ്ഥാപിച്ചതാണ് മറ്റൊരു പ്രധാന തീരുമാനം. ഇത് ചേംബറിൻ്റെ തീരുമാനങ്ങൾ കൂടുതൽ ഗുണനിലവാരമുള്ളതാക്കാൻ സഹായിക്കും.
സ്വകാര്യ മേഖലയും ഗവൺമെൻ്റും തമ്മിലുള്ള പ്രധാന ആശയവിനിമയ സംവിധാനമെന്ന നിലയിൽ വാണിജ്യ-വ്യവസായ മന്ത്രാലയവുമായുള്ള ജോയിൻ്റ് കമ്മിറ്റി പുനഃസ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്. രാജ്യത്തിൻ്റെ സാമ്പത്തിക മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നിയമപരമായ ശുപാർശകൾ ഈ പ്ലാറ്റ്‌ഫോം വഴി സമർപ്പിക്കും. പ്രാദേശിക നിക്ഷേപവും വ്യാപാര സഹകരണവും വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ബഹ്റൈൻ-സൗദി ബിസിനസ് കൗൺസിലിൻ്റെ ബഹ്റൈൻ പക്ഷത്തെ പ്രതിനിധികളെയും പുനർനിശ്ചയിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള സാന്നിധ്യം ഉറപ്പാക്കാൻ വിവിധ അറബ്-അന്താരാഷ്ട്ര ചേംബറുകളിലേക്കും പ്രതിനിധികളെ നിയമിച്ചു.
സുതാര്യതയും മികച്ച പ്രകടനവും ലക്ഷ്യമിട്ട് ബോർഡ് അംഗങ്ങളുടെ ഉത്തരവാദിത്തങ്ങൾ വ്യക്തമാക്കുന്ന പുതിയ കംപ്ലയൻസ് ചട്ടങ്ങൾ ബോർഡ് അംഗീകരിച്ചു. കൂടാതെ സാമ്പത്തികവും ഭരണപരവുമായ മേൽനോട്ടത്തിനായി വിപുലമായ അധികാരങ്ങളോടെ ഇൻ്റേണൽ ഓഡിറ്റ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിൽ ചേംബറിനെ കൂടുതൽ സജീവ പങ്കാളിയാക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി. വിവിധ കമ്മിറ്റികളിലെ പുതിയ അംഗങ്ങളുടെ പട്ടിക ഉടൻ പുറത്തുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

