പത്താം വാർഷികം ആഘോഷിച്ച് ബഹ്റൈൻ നാഷനൽ തിയറ്റർ
text_fieldsബഹ്റൈൻ നാഷനൽ തിയറ്റർ 10ാം വാർഷികം ആഘോഷിച്ചു. അറബ് സാംസ്കാരിക ലോകത്തിന്റെ തലസ്ഥാനമായ മനാമക്ക് തിലകക്കുറിയായി സ്ഥാപിതമായ നാഷനൽ തിയറ്റർ 2012 നവംബർ 12നാണ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ 10 വർഷത്തിനിടെ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട നിരവധി പരിപാടികൾക്കാണ് നാഷനൽ തിയറ്റർ വേദിയായത്. 1001 രാവുകൾ എന്ന അറേബ്യൻ കഥകളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് തിയറ്ററിലെ മരം പൊതിഞ്ഞ അകം ഭിത്തികൾ രൂപകൽപന ചെയ്തിരിക്കുന്നത്. അറബ് ലോകത്തെ ഏറ്റവും വലിയ തിയറ്ററുകളിൽ ഒന്നാണെന്ന സവിശേഷതയും ബഹ്റൈൻ നാഷനൽ തിയറ്ററിനുണ്ട്. ഈജിപ്തിലെ കൈറോ ഓപറ ഹൗസ്, ഒമാനിലെ റോയൽ ഓപറ ഹൗസ് മസ്കത്ത് എന്നിവ കഴിഞ്ഞാൽ അറബ് ലോകത്തെ മൂന്നാമത്തെ വലിയ ഓപറ ഹൗസ് എന്ന നിലയിലും തിയറ്റർ പ്രശസ്തി നേടി.

