ദേശീയ പരിസ്ഥിതി ദിനം ആഘോഷിച്ച് ബഹ്റൈൻ; 2025ൽ മാത്രം രാജ്യത്ത് നട്ടത് 2.4 ദശലക്ഷം മരങ്ങൾ
text_fieldsകിരാടവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ മരം നടുന്നു
മനാമ: ‘പുനരുപയോഗിക്കൂ... പുനരുജ്ജീവിപ്പിക്കൂ’ എന്ന പ്രമേയത്തിൽ ദേശീയ പരിസ്ഥിതി ദിനം ആഘോഷിച്ച് ബഹ്റൈൻ. രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനുമുള്ള ബഹ്റൈന്റെ പ്രതിജ്ഞാബദ്ധത വിളിച്ചോതുന്നതാണ് ഈ ദിനാഘോഷം. ഹമദ് രാജാവിന്റെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകൾക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശങ്ങൾക്കും അനുസൃതമായി പരിസ്ഥിതി സംരക്ഷണം രാജ്യത്തിന്റെ പ്രധാന മുൻഗണനയാണെന്ന് മുനിസിപ്പാലിറ്റി, കൃഷികാര്യ മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക് പ്രസ്താവിച്ചു. 2035ഓടെ രാജ്യത്ത് 3.6 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതാണ് ലക്ഷ്യം. 2025ൽ മാത്രം 2.4 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചുകൊണ്ട് ലക്ഷ്യത്തിന്റെ 67 ശതമാനവും രാജ്യം ഇതിനകം കൈവരിച്ചു കഴിഞ്ഞു. 2060ഓടെ കാർബൺ രഹിത രാജ്യം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണിത്.
കൂടാതെ, ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ‘ബഹ്റൈൻ മാൻഗ്രോവ് ഇനിഷ്യേറ്റിവ്’ വഴി കണ്ടൽക്കാടുകളുടെ എണ്ണം 2035ഓടെ നാലിരട്ടിയാക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഈ വർഷത്തെ പ്രമേയമായ റീസൈക്ലിങ്ങിന് ഊന്നൽ നൽകിക്കൊണ്ട് രാജ്യത്തുടനീളം 300 ഗാർഹിക പുനരുപയോഗ കേന്ദ്രങ്ങൾ മന്ത്രാലയം സ്ഥാപിച്ചു.
നിർമാണ അവശിഷ്ടങ്ങളും കാർഷിക മാലിന്യവും പുനരുപയോഗിക്കാനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. പരിസ്ഥിതി സംരക്ഷണം കേവലം ഗവൺമെന്റ് ദൗത്യമല്ലെന്നും വരുംതലമുറക്കായി സുരക്ഷിതമായ ലോകം കെട്ടിപ്പടുക്കാൻ ഓരോ പൗരനും ഇതിൽ പങ്കാളികളാകണമെന്നും മന്ത്രി ഓർമിപ്പിച്ചു. സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് നടപ്പാക്കുന്ന സുസ്ഥിര വികസന പദ്ധതികളെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

