ദേശീയാഘോഷ നിറവിൽ ബഹ്റൈൻ; അഭിമാനത്തിന്‍റെയും നേട്ടത്തിന്‍റെയും 54 വർഷങ്ങൾ
text_fieldsപ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: അഭിമാനത്തിന്‍റെയും നേട്ടത്തിന്‍റെയും 54 വർഷങ്ങൾ ആഘോഷിക്കുകയാണ് ഇന്ന് ബഹ്റൈൻ. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്‍റെ വാർഷികവും രാജ്യത്തിന്‍റെ ദേശീയ ദിനവും അതിവിപുലവും മഹനീയവുമായാണ് മധ്യപൂർവദേശത്തെ ഈ ചെറുദ്വീപ് രാജ്യം കൊണ്ടാടുന്നത്. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മഹനീയ സന്ദേശം ലോകത്തിനുമുന്നിൽ പകർന്നുനൽകിക്കൊണ്ടിരിക്കുന്ന പവിഴദ്വീപ് വികസനത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്കാണ് നടന്നുകയറിക്കൊണ്ടിരിക്കുന്നത്. സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ കരുതലിന്റെ കരം എല്ലാവരുടെയും നേർക്കു നീട്ടുന്ന രാജ്യം ലോകരാജ്യങ്ങളുടെ മുന്നിൽ എന്നും തലയുയർത്തിനിൽക്കുന്നു. ഹമദ് രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും നേതൃത്വത്തിൽ അഭിമാനാർഹമായ നേട്ടങ്ങളാണ് ബഹ്റൈൻ കൈവരിച്ചത്. അടിസ്ഥാനസൗകര്യ വികസനത്തിൽ രാജ്യം എന്നും മുന്നിലായിരുന്നു. പവിഴ ഖനനത്തിന്റെ പേരിൽ നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ പ്രശസ്തമായ ഈ ദ്വീപസമൂഹം ഇന്ന് ഭരണാധികാരികളുടെ ഉജ്ജ്വല നേതൃത്വത്തിനു കീഴിൽ ലോകത്തെ ആധുനികമായ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന വിധത്തിൽ അത്ഭുതകരമായ പുരോഗതി നേടിയിരിക്കുന്നു.
ഇന്ന് സാഖിർ പാലസിൽ നടക്കുന്ന ദേശീയദിനാഘോഷ ചടങ്ങിൽ ഹമദ് രാജാവ് പങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചടങ്ങിൽ രാജകുടുംബാഗങ്ങളും വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും സന്നിഹിതനാകും. ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഇന്നും നാളെയും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആഘോഷത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ ‘സെലിബ്രേറ്റ് ബഹ്റൈൻ’ എന്നപേരിൽ വിപുലമായ പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് വൈകീട്ട് സാഖിറിലെ ബി.ഐ.സിയിൽ വൈകീട്ട് ഏഴുമുതൽ കരിമരുന്ന് പ്രകടനമുണ്ടാകും. കൂടാതെ ബഹ്റൈനിൽ ജോലി ചെയ്യുന്ന പ്രവാസികളും ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കും. സാമൂഹിക സംഘടനകളും പ്രവാസി കൂട്ടായ്മകളും കുട്ടികൾക്കായി കലാസാംസ്‌കാരിക മത്സരങ്ങൾ, രക്തദാന ക്യാമ്പുകൾ, ഐക്യസംഗമങ്ങൾ, വിശേഷ പരിപാടികൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. മലയാളികളുടെ ആഭിമുഖ്യത്തിൽ വിവിധ ഇടങ്ങളിൽ സാംസ്‌കാരിക മേളകളും വർണാഭമായ പ്രദർശനങ്ങളും അരങ്ങേറുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

