54ാം ദേശീയ ദിനാഘോഷ നിറവിൽ ബഹ്റൈന്‍
text_fieldsദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ വിമാനത്താവള റോഡ് അലങ്കരിച്ചപ്പോൾ
മനാമ: 54ാം ദേശീയ ദിനാഘോഷ നിറവിലാണ് ബഹ്റൈന്‍. നാടെങ്ങും ആഘോഷ ലഹരിയിലാണ്. ഹമദ് രാജാവ് അധികാരമേറ്റതിന്റെ വാർഷികംകൂടിയാണ് ദേശീയ ദിനാഘോഷത്തിനൊപ്പം രാജ്യം കൊണ്ടാടുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രധാന കെട്ടിടങ്ങളിലും റോഡുകളിലും ദേശീയ പതാകയുടെ നിറങ്ങളായ ചുവപ്പും വെള്ളയും കലര്‍ന്ന വര്‍ണങ്ങള്‍കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഹമദ് രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ചിത്രങ്ങളും പതാകകളുംകൊണ്ടാണ് പാതയോരങ്ങൾ അലങ്കരിച്ചിരിക്കുന്നത്.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന സെലിബ്രേറ്റ് ബഹ്റൈൻ, മുഹറഖ് നൈറ്റ്സ് എന്നീ പരിപാടികളും പുരോഗമിക്കുകയാണ്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ സ്വദേശികളുടേയും വിദേശികളുടേയും ഒഴുക്ക് രാജ്യത്തെങ്ങും പ്രകടമാണ്. പ്രവാസി സമൂഹവും ബഹ്റൈന്റെ ദേശീയദിനാഘോഷം ഏറ്റെടുത്തിരിക്കുകയാണ്. സന്തോഷത്തിന്റേയും ഐക്യത്തിന്റേയും കൂടി ആഘോഷമായാണ് പ്രവാസി മലയാളികൾ ദേശീയ ദിനത്തെ കാണുന്നത്. മന്ത്രാലയങ്ങൾ, ഗവർണറേറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വൈവിധ്യമാർന്ന ദേശീയ ദിനാഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്. ദേശീയ ദിനാചരണം പ്രമാണിച്ച് ഡിസംബർ 16നും 17നും രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസി സംഘടനകളും കൂട്ടായ്മകളും ആഘോഷത്തിൽ വിപുലമായിത്തന്നെ പങ്കുചേരും. രക്തദാന ക്യാമ്പ്, സാമൂഹിക സേവന പ്രവർത്തനങ്ങൾ, ശുചീകരണം, പൊതുപരിപാടികൾ തുടങ്ങി നിരവധി ആഘോഷ പരിപാടികളാണ് പ്രവാസി സംഘടകൾ ഒരുക്കിയിരിക്കുന്നത്.
നാളെ സാഖിർ പാലസിൽ നടക്കുന്ന ദേശീയദിനാഘോഷ ചടങ്ങിൽ ഹമദ് രാജാവ് പങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സന്നിഹിതനാകും. ആചാരപരമായ ചടങ്ങുകൾക്കുശേഷം ഹമദ് രാജാവ് മുഖ്യ പ്രഭാഷണം നടത്തും. ബഹ്റൈന്റെ പുരോഗതിക്കും വിജയത്തിനും മികച്ച സംഭാവനകൾ നൽകിയവർക്ക് ചടങ്ങിൽ ഹമദ് രാജാവ് മെഡലുകൾ സമ്മാനിക്കും.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും രാജകുടുംബാംഗങ്ങളും മന്ത്രിമാരും ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പരിപാടിയിൽ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി നാളെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ കരിമരുന്ന് പ്രകടനം ഉണ്ടാകും.
പ്രവേശനം സൗജന്യം; ബി.ഐ.സിയിൽ വർണാഭമായ കരിമരുന്ന് പ്രയോഗം
മനാമ: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സാഖിറിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ (ബി.ഐ.സി) വർണാഭമായ കരിമരുന്ന് പ്രയോഗം നടക്കും. ചൊവ്വാഴ്ച (ഡിസംബർ 16) വൈകീട്ട് ഏഴു മുതൽ വെളിച്ചത്തിന്റെയും നിറങ്ങളുടെയും ഈ വിസ്മയക്കാഴ്ച വിരുന്നൊരുക്കും.
പ്രവേശനം സൗജന്യമാണ്. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരത്തേതന്നെ എത്തിച്ചേരാനാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. ബി.ഐ.സിയിൽ പാർക്കിങ് സൗകര്യം ലഭ്യമാണ്, ഇവിടെനിന്ന് കാഴ്ചക്കാർക്ക് കരിമരുന്ന് പ്രയോഗം കാണാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

