ബഹ്റൈൻ ക്യാമ്പിങ് സീസൺ; ശുചിത്വം ഉറപ്പാക്കാൻ 100 ദിനാർ ഡെപ്പോസിറ്റ് നിർബന്ധമാക്കി
text_fieldsമനാമ: ബഹ്റൈനിലെ സാഖിർ പ്രദേശത്തെ പൊതു ക്യാമ്പിങ് സ്ഥലങ്ങളിൽ ശുചിത്വം ഉറപ്പാക്കുന്നതിനായി 2025-2026 വർഷത്തെ ക്യാമ്പിങ് സീസണിൽ വാണിജ്യേതര ടെന്റ് സൈറ്റുകൾക്ക് 100 ബഹ്റൈനി ദിനാർ ക്ലീൻലിനസ് ഡെപ്പോസിറ്റ് ഏർപ്പെടുത്തി. മുനിസിപ്പാലിറ്റികാര്യ-കൃഷി മന്ത്രി വഈൽ അൽ മുബാറക്ക് പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഈ നിർദേശമുള്ളത്.
ഔദ്യോഗിക ഗസറ്റിന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഈ പുതിയ നടപടി പ്രസിദ്ധീകരിച്ചത്. സീസൺ അവസാനിക്കുമ്പോൾ പൊതു ക്യാമ്പിങ് സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും സീസൺ അവസാനിക്കുമ്പോൾ തങ്ങളുടെ സൈറ്റുകൾ പൂർവസ്ഥിതിയിലാക്കുകയും ചെയ്താൽ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കും.
രജിസ്റ്റർ ചെയ്യുന്ന സമയത്ത് സതേൺ മുനിസിപ്പാലിറ്റിയിലാണ് ഈ ഡെപ്പോസിറ്റ് അടയ്ക്കേണ്ടത്. ടെന്റുകൾ അഴിച്ചുമാറ്റി ഒരാഴ്ചക്കുള്ളിൽ അല്ലെങ്കിൽ സീസൺ അവസാനിക്കുന്ന തീയതിക്കുള്ളിൽ, ഏതാണോ ആദ്യം വരുന്നത് അതിനുള്ളിൽ ക്യാമ്പേഴ്സ് സൈറ്റുകൾ വൃത്തിയാക്കണം. സൈറ്റ് വൃത്തിയാക്കിയില്ലെങ്കിൽ മുനിസിപ്പാലിറ്റിക്ക് ഡെപ്പോസിറ്റ് തുക ശുചീകരണ ചെലവുകൾക്കായി ഉപയോഗിക്കാം. കൂടാതെ, നിയമം ലംഘിക്കുന്നവരിൽനിന്ന് അധിക ചെലവുകൾ ഈടാക്കാനും സാധ്യതയുണ്ട്.
2025-2026 ക്യാമ്പിങ് സീസൺ ഔദ്യോഗികമായി ഡിസംബർ അഞ്ചിന് ആരംഭിച്ച് അടുത്ത വർഷം മാർച്ച് 25 വരെ തുടരും. രജിസ്ട്രേഷൻ നവംബർ 20 മുതൽ 30 വരെ നടക്കും. സതേൺ ഗവർണർ ശൈഖ് ഖലീഫ ബിൻ അലി അൽ ഖലീഫയാണ് പുതിയ സീസണിലെ റെഗുലേറ്ററി ചട്ടക്കൂടും സുരക്ഷാ തയാറെടുപ്പുകളും പ്രഖ്യാപിച്ചത്.
‘അൽജുനോബിയ’ മൊബൈൽ ആപ്ലിക്കേഷനിലെ ‘ഖയ്യാമ്’ സംരംഭം വഴി ഡിജിറ്റലായിട്ടായിരിക്കും രജിസ്ട്രേഷൻ നടപടികൾ കൈകാര്യം ചെയ്യുക.
അന്വേഷണങ്ങൾക്കും പ്രതികരണങ്ങൾക്കുമായി campers@southern.gov.bh എന്ന വിലാസവും തൽക്ഷണം ചാറ്റിനായി അൽജുനോബിയ ആപ്പും നിർദേശങ്ങൾക്കും പരാതികൾക്കുമായി ദേശീയ തവാസുൽ പ്ലാറ്റ്ഫോമും ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

