യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; ചർച്ചകൾക്ക് ആഹ്വാനം ചെയ്ത് ബഹ്‌റൈൻ
text_fieldsമനാമ: യെമനിലെ സംഘർഷങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ബഹ്‌റൈൻ. സമാധാനം വീണ്ടെടുക്കാൻ സംയമനം പാലിക്കണമെന്നും ദക്ഷിണമേഖലയിലെ പ്രശ്നപരിഹാരത്തിനായി സംഘടിപ്പിക്കുന്ന സമ്മേളനത്തെ പിന്തുണക്കുന്നതായും വിദേശകാര്യ മന്ത്രാലയം. യെമന്റെ പരമാധികാരത്തെയും ആഭ്യന്തര സ്ഥിരതയെയും ബാധിക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളെന്നും ഇത് പ്രാദേശിക സുരക്ഷക്ക് വെല്ലുവിളിയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
യെമൻ ജനത വിവേകത്തോടെ പ്രവർത്തിക്കണമെന്നും അക്രമങ്ങൾ ഉപേക്ഷിച്ച് സംയമനം പാലിക്കണമെന്നും ബഹ്‌റൈൻ അഭ്യർഥിച്ചു. രാജ്യത്ത് സമാധാനം വീണ്ടെടുക്കുന്നതിനും സ്ഥിരത നിലനിർത്തുന്നതിനും സംഘർഷങ്ങൾ അടിയന്തരമായി അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
യെമനിലെ ദക്ഷിണമേഖലയിലെ പ്രശ്നങ്ങൾക്ക് നീതിയുക്തമായ പരിഹാരം കാണുന്നതിനായി എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ സമ്മേളനം വിളിച്ചുചേർക്കാനുള്ള യെമന്റെ നീക്കത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. സംഘർഷങ്ങൾ കുറക്കാനും രാഷ്ട്രീയമായ ഒത്തുതീർപ്പിലെത്താനും ഇത്തരം ചർച്ചകൾ സഹായിക്കും. യെമൻ ജനതയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വികസനവും സുരക്ഷയും ഉറപ്പാക്കുന്നതിനും ഇത്തരം നയതന്ത്ര നീക്കങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ബഹ്‌റൈൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

