മേഖലയിൽ സമാധാനം സ്ഥാപിക്കണമെന്ന് ബഹ്റൈൻ
text_fieldsമനാമ: മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിലിൽ ബഹ്റൈൻ പ്രതിനിധി വ്യക്തമാക്കി. സമാധാനവും സുരക്ഷയും വിവിധ രാജ്യങ്ങളിൽ നിലനിർത്തേണ്ടത് അനിവാര്യമാണ്. വിവിധ മത സമൂഹങ്ങൾക്കിടയിൽ സഹവർത്തിത്വവും ഒത്തൊരുമയുമാണ് സാധ്യമാക്കേണ്ടതെന്ന് സുരക്ഷാ സമിതിയിലെ ബഹ്റൈൻ സ്ഥിരം പ്രതിനിധി ജമാൽ ഫാരിസ് അൽ റുവൈഇ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മധ്യ പൗരസ്ത്യ ദേശത്തെക്കുറിച്ച തുറന്നചർച്ചയിൽ ഇടപെട്ട് സംസാരിക്കവെയാണ് മേഖലയിലെ സമാധാനത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞത്.
മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ താൽക്കാലികമായി പരിഹരിക്കേണ്ടതല്ലെന്നും സ്ഥിര പരിഹാരം ആവശ്യമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരസ്പര സഹകരണത്തോടെ എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിക്കാനുള്ള സാധ്യതകളും അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകം ആഗ്രഹിക്കുന്ന സമാധാനത്തിലേക്ക് ക്രിയാത്മക ചുവടുവെപ്പ് നടത്താൻ രാഷ്ട്രങ്ങളെയും സമൂഹങ്ങളെയും പ്രേരിപ്പിക്കേണ്ടതും ആവശ്യമാണെന്ന് അദ്ദേഹം വിലയിരുത്തി.