സമുദ്ര സുരക്ഷ ഉറപ്പാക്കാൻ ആഗോള കൂട്ടായ്മ വേണം: യു.എന്നിൽ ആവശ്യവുമായി ബഹ്‌റൈൻ
text_fieldsയു.എൻ സുരക്ഷസമിതി യോഗത്തിൽ അധ്യക്ഷതവഹിക്കുന്ന ബഹ്റൈൻ വിദേശകാര്യമന്ത്രി
മനാമ/ ന്യൂയോർക്ക്: മാറിയ സുരക്ഷാ അന്തരീക്ഷത്തിൽ കടൽമാർഗമുള്ള സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിനും ആഗോളതലത്തിൽ സംയുക്ത നീക്കം അനിവാര്യമാണെന്ന് ബഹ്‌റൈൻ. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയുടെ അധ്യക്ഷതയിൽ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ചേർന്ന ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ ‘ആരിയ ഫോർമുല’ യോഗത്തിലാണ് ബഹ്‌റൈൻ നിലപാട് വ്യക്തമാക്കിയത്. ‘സുരക്ഷിത സമുദ്രങ്ങൾ, പങ്കാളിത്ത സുരക്ഷ: മാറുന്ന സുരക്ഷാ അന്തരീക്ഷത്തിൽ നാവിക സ്വാതന്ത്ര്യ സംരക്ഷണം’ എന്ന പ്രമേയത്തിൽ ബഹ്‌റൈന്റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്.
കഴിഞ്ഞ ഏപ്രിലിൽ ബഹ്‌റൈന്റെ അധ്യക്ഷതയിൽ നടന്ന സുരക്ഷാ കൗൺസിൽ തുറന്ന ചർച്ചയുടെ തുടർച്ചയായാണ് യോഗം ചേർന്നത്. ഹുർമുസ് കടലിടുക്ക്, ബാബ് അൽ മന്ദബ്, ചെങ്കടൽ എന്നിവിടങ്ങളിലെ നിലവിലെ സാഹചര്യങ്ങളും ഇറാൻ ഹുർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് സമുദ്ര ഗതാഗതത്തിലുണ്ടായ തടസ്സങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
ഭീഷണികൾ തിരിച്ചറിയുന്നതിനൊപ്പം സമുദ്രപാതകളിലെ തടസ്സങ്ങൾ തടയുന്നതിനും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുമുള്ള പ്രായോഗിക ശേഷി വർധിപ്പിക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. സുരക്ഷാ കൗൺസിൽ യോഗത്തിൽ അമ്പതിലധികം പ്രതിനിധികൾ പങ്കെടുത്തു.
ലോക വ്യാപാരത്തിന്റെ 80 ശതമാനത്തിലധികവും കടൽമാർഗമാണ് നടക്കുന്നത്. അതിനാൽ സമുദ്ര സുരക്ഷയിലെ തകർച്ച ആഗോള സാമ്പത്തിക ഭദ്രതയെയും ഭക്ഷ്യ-ഊർജ്ജ സുരക്ഷയെയും നേരിട്ട് ബാധിക്കുമെന്ന് യോഗം വിലയിരുത്തി. ലോകത്തിലെ കടൽമാർഗമുള്ള എണ്ണവ്യാപാരത്തിന്റെ 25 ശതമാനവും എൽ.എൻ.ജി വ്യാപാരത്തിന്റെ 19 ശതമാനവും ഹുർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. പ്രതിസന്ധിയുടെ ആദ്യ മാസത്തിൽ തന്നെ മേഖലയിലെ ജി.ഡി.പിയുടെ 4 ശതമാനത്തോളം (ഏകദേശം 15,000 കോടി ഡോളർ) നഷ്ടമുണ്ടായതായി എസ്ക്വ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനുള്ള അവകാശം തടസ്സമില്ലാതെ സംരക്ഷിക്കപ്പെടണമെന്ന് ചേംബർ ഓഫ് ഷിപ്പിങ് സെക്രട്ടറി ജനറൽ തോമസ് കസാക്കോസ് പറഞ്ഞു. നിലവിലെ പ്രതിസന്ധിയിൽ 22 നാവികർ കൊല്ലപ്പെടുകയും കടലിടുക്കിലൂടെയുള്ള ഗതാഗതം 95 ശതമാനത്തോളം കുറയുകയും ചെയ്തിട്ടുണ്ട്.
ഭൗമരാഷ്ട്രീയ തർക്കങ്ങളിൽ കപ്പൽ ജീവനക്കാരെ ഇരയാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര സഹായം, ഒഴിപ്പിക്കൽ, വൈദ്യസഹായം എന്നിവ ഉറപ്പാക്കി നാവികരുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് അന്താരാഷ്ട്ര തൊഴിലാളി സംഘടന വ്യക്തമാക്കി.
സമുദ്ര സുരക്ഷ സുരക്ഷാ കൗൺസിലിന്റെ സ്ഥിരം അജണ്ടയാക്കുക, പ്രത്യേക പ്രതിനിധിയെ നിയമിക്കുക തുടങ്ങിയ നിർദേശങ്ങൾ പ്രൊഫ. ക്രിസ്റ്റ്യൻ ബ്യൂഗർ മുന്നോട്ടുവെച്ചു. പ്രതിരോധം, മുൻകരുതൽ, അടിയന്തര പ്രതികരണം, സാമ്പത്തിക വീണ്ടെടുക്കൽ എന്നീ നാല് പ്രധാന മേഖലകളിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. സമുദ്രമേഖലയിലെ വെല്ലുവിളികൾ നേരിടാൻ രാജാന്തര പങ്കാളികളുമായി ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്ന് ബഹ്‌റൈൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

