ബഹ്‌റൈനിൽ ലൈസൻസില്ലാത്ത തെരുവ് കച്ചവടക്കാർക്കെതിരെ നടപടി വേണമെന്ന് നിർദേശം
text_fieldsമനാമ: പൊതുസ്ഥലങ്ങളിലും നടപ്പാതകളിലും പ്രവർത്തിക്കുന്ന ലൈസൻസില്ലാത്ത തെരുവ് കച്ചവടക്കാരെ വിലക്കണമെന്ന ആവശ്യവുമായി ബഹ്‌റൈനിലെ തെക്കൻ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ്. താമസക്കാരിൽനിന്നും ലൈസൻസുള്ള വ്യാപാരികളിൽനിന്നും ലഭിച്ച പരാതികളെ തുടർന്നാണ് ഈ ആവശ്യം.
മീനും പച്ചക്കറികളും വിൽക്കുന്ന തെരുവ് കച്ചവടക്കാർക്ക് ശരിയായ അനുമതിയോ, ശുചിത്വ മാനദണ്ഡങ്ങളോ, സംഭരണ സൗകര്യങ്ങളോ പാലിക്കുന്നില്ല എന്നാണ് കണ്ടെത്തൽ. കൂടാതെ, ശീതീകരണമോ ശുചിത്വപരമായ സുരക്ഷയോ ഇല്ലാതെ തുറന്ന സ്ഥലങ്ങളിൽ ഭക്ഷണം വിൽക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. പഴകിയതും മലിനമായതുമായ ഭക്ഷണം ബാക്ടീരിയൽ അണുബാധയ്ക്കും കേടുപാടുകൾക്കും സാധ്യതയുണ്ട്.
ഇത്തരം കച്ചവടക്കാർ ഫാർമസികൾ, സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, സേവന കെട്ടിടങ്ങൾ എന്നിവയ്ക്ക് സമീപമുള്ള പ്രധാന സ്ഥലങ്ങളിൽ സ്ഥാനം പിടിക്കുകയും കാൽനടയാത്രക്കാർക്ക് തടസ്സമുണ്ടാക്കുകയും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യുന്നുവെന്നും പരാതിയുയർന്നിട്ടുണ്ട്. കൂടാതെ, മാലിന്യം വലിച്ചെറിയുന്നത് പ്രാണികളെ വളർച്ചക്കും നഗരത്തിന്‍റെ ഭംഗി നശിപ്പിക്കുന്നതിനും കാരണമാകുന്നു.
ലൈസൻസുള്ള കടയുടമകൾ വാടക, നികുതി, ഫീസ് തുടങ്ങി എല്ലാം നൽകി പ്രവർത്തിക്കുമ്പോൾ, അനധികൃത കച്ചവടക്കാർ ഈ ചിലവുകളില്ലാതെയാണ് കച്ചവടം നടത്തുന്നത്. അതുകൊണ്ട് തന്നെ കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ അവർക്ക് സാധിക്കും. ഇത് മറ്റു ബിസിനസ്സുകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും പലതിനെയും അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിക്കുകയും ചെയ്യുന്നു.
തെരുവ് കച്ചവടം പൂർണ്ണമായി നിരോധിക്കുക എന്നതല്ല കൗൺസിലിന്‍റെ ലക്ഷ്യമെന്നും മറിച്ച് അതിനെ നിയന്ത്രണത്തിലാക്കുക എന്നതാണെന്നും അബ്ദുല്ല അബ്ദുല്ലത്തീഫ് പറഞ്ഞു. ബഹ്‌റൈന്‍റെ സംസ്കാരത്തിന്‍റെ ഭാഗമാണ് തെരുവ് കച്ചവടം എന്നത് അംഗീകരിക്കുന്നുവെന്നും എന്നാൽ, പൊതുജനാരോഗ്യം, സുരക്ഷ, ന്യായമായ ബിസിനസ്സ് രീതികൾ എന്നിവയെ ഇത് ബാധിക്കാൻ പാടില്ലയെന്നും അദ്ദേഹം പറഞ്ഞു.
തെരുവ് കച്ചവടക്കാർക്കും കടയുടമകൾക്കും ഒരേ മാനദണ്ഡങ്ങൾ ബാധകമാക്കുകയും, ലൈസൻസിംഗ് പ്രക്രിയകൾ കർശനമാക്കുകയും ചെയ്യണം. മുനിസിപ്പാലിറ്റികൾ, പോലീസ്, പൊതുജനാരോഗ്യ ഇൻസ്പെക്ടർമാർ എന്നിവർ സംയുക്തമായി പരിശോധനാ കാമ്പെയ്‌നുകൾ നടത്തുകയും, കച്ചവടക്കാർക്ക് നിയമപരമായി സാധനങ്ങൾ വിൽക്കാൻ കഴിയുന്ന നിയന്ത്രിതവും ശുചിത്വമുള്ളതുമായ സ്ഥിരം മാർക്കറ്റ് ഏരിയകൾ സ്ഥാപിക്കണമെന്നും അതു വഴി ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കുകയും പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം നിർദേശത്തിൽ ആവശ്യപ്പെട്ടു.
മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്കിനും മറ്റ് രണ്ട് മുനിസിപ്പൽ കൗൺസിലുകൾക്കും ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡിനും തുടർനടപടികൾക്കായി നിർദേശം കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

