ബഹ്റൈൻ ശൈത്യത്തിലേക്ക് അനുഭവപ്പെടുന്ന താപനില ഏഴ് ഡിഗ്രി വരെ
text_fieldsവ്യാഴാഴ്ച രാത്രി പെയ്ത മഴയിൽ റോഡിൽ അനുഭവപ്പെട്ട വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന വാഹനം [ചിത്രം പകർത്തിയത്:നുരാജ്]
മനാമ: ശരത്കാല വസന്തത്തോട് യാത്ര പറഞ്ഞ് ബഹ്റൈൻ ശൈത്യത്തിലേക്ക് കടന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റത്തെത്തുടർന്ന് താപനില കുത്തനെ താഴ്ന്ന നിലയിലായിരുന്നു.
നേരത്തെ ഡിസംബർ 21 ഓടെ രാജ്യത്ത് തണുപ്പ് കാലം എത്തുമെന്നാണ് കാലാവസ്ഥ വിദഗ്ധർ അറിയിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച ഉച്ചക്കുശേഷം ആരംഭിച്ച മഴക്കും അതിശക്തമായ കാറ്റിനും പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്. ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെയും കടുത്ത തണുപ്പ് അനുഭവപ്പെട്ടു.
ഗതാഗത-വാർത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ മിക്കയിടങ്ങളിലും യഥാർഥ താപനില 12 ഡിഗ്രി സെൽഷ്യസിനും 13 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നെങ്കിലും കാറ്റും ഈർപ്പവും കാരണം തണുപ്പ് അതിശക്തമായാണ് അനുഭവപ്പെട്ടത്. പുലർച്ചെ അഞ്ചോടെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം, ദുറത്ത് അൽ ബഹ്റൈൻ, റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ്റേസിങ് ക്ലബ് എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന താപനില ഏഴ് ഡിഗ്രി വരെ താഴ്ന്നു. കിങ് ഫഹദ് കോസ്വേ, സിത്ര, യൂനിവേഴ്സിറ്റി ഓഫ് ബഹ്റൈൻ എന്നിവിടങ്ങളിൽ എട്ട് ഡിഗ്രി മുതൽ 10 ഡിഗ്രി വരെയാണ് തണുപ്പ് അനുഭവപ്പെട്ടത്.
ഇവിടങ്ങളിലെല്ലാം യഥാർത്ഥ താപനില 12-13 ഡിഗ്രിയിൽ സ്ഥിരത പുലർത്തിയിരുന്നെങ്കിലും കാറ്റിന്റെ സ്വാധീനം തണുപ്പ് വർധിപ്പിച്ചു. പുലർച്ചെ ജോലിക്ക് ഇറങ്ങുന്നവർ, പ്രത്യേകിച്ച് പുറംജോലികളിൽ ഏർപ്പെടുന്നവരും ദൂരയാത്ര ചെയ്യുന്നവരും മതിയായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശീതകാലം തുടരുന്നതിനാൽ വരും ദിവസങ്ങളിലും പുലർച്ചെയും രാത്രിയിലും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത.
തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങൾ ധരിക്കാനും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കാനും തുറസ്സായ സ്ഥലങ്ങളിൽ ഉള്ളവരും കടലിൽ പോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

