ഡിജിറ്റൽ കരുത്തിൽ ലോകത്തിന് മാതൃകയായി ബഹ്റൈൻ; ആഗോള റാങ്കിങ്ങിൽ വൻ കുതിപ്പ്
text_fieldsമനാമ: ഡിജിറ്റൽ സാമ്പത്തിക രംഗത്ത് ലോകത്തെ മുൻനിര രാജ്യങ്ങൾക്കിടയിൽ സ്ഥാനം ഉറപ്പിച്ച് ബഹ്റൈൻ. ഏറ്റവും പുതിയ ‘നെറ്റ്വർക്ക് റെഡിനസ് ഇൻഡക്സ് (എൻ. ആർ. ഐ) 2025’റിപ്പോർട്ട് പ്രകാരം, അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനവും ആഗോളതലത്തിൽ 36ാം സ്ഥാനവുമാണ് ബഹ്റൈൻ കരസ്ഥമാക്കിയത്.
പോർട്ടുലൻസ് ഇൻസ്റ്റിറ്റ്യൂട്ട് വേൾഡ് ഗവൺമെന്റ് സമ്മിറ്റുമായി സഹകരിച്ച് പുറത്തിറക്കിയ ‘ഗവേണൻസ് ഇൻ എ ഗ്ലോബൽ കോൺടെക്സ്റ്റ്’എന്ന റിപ്പോർട്ടിലാണ് ബഹ്റൈന്റെ ഈ നേട്ടം വ്യക്തമാക്കുന്നത്.
റിപ്പോർട്ട് പ്രകാരം ത്രീ ജി മൊബൈൽ നെറ്റ്വർക്ക് പരിധിയിൽ ബഹ്റൈൻ ലോകത്ത് ഒന്നാമതെത്തി. എല്ലാവർക്കും കണക്ടിവിറ്റി ഉറപ്പാക്കുന്നതിൽ രാജ്യം നൂറു ശതമാനം വിജയിച്ചു എന്നതാണ് ഇതിന് പ്രധാന കാരണം. കൂടാതെ സ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിലും ബഹ്റൈൻ ലോകത്ത് ഒന്നാം സ്ഥാനം നിലനിർത്തി. ലോകത്തിലെ ഏറ്റവും മികച്ച ഇ-കോമേഴ്സ് നിയമനിർമാണമുള്ള രാജ്യമായും ബഹ്റൈൻ തിരഞ്ഞെടുക്കപ്പെട്ടു. ഡിജിറ്റൽ സാക്ഷരതയിലും സോഷ്യൽ നെറ്റ്വർക്കുകളുടെ ഉപയോഗത്തിലും ബഹ്റൈനിലെ ജനങ്ങൾ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഈ വിഭാഗത്തിൽ ആഗോളതലത്തിൽ 15ാം സ്ഥാനത്താണ് രാജ്യം.
സൈബർ സുരക്ഷയും ജീവിതനിലവാരവും
സൈബർ സുരക്ഷാ രംഗത്ത് 97.52 എന്ന മികച്ച സ്കോർ നേടിയ ബഹ്റൈൻ, ജനങ്ങളുടെ വിശ്വാസ്യതയുടെ കാര്യത്തിൽ 20ാം സ്ഥാനത്താണ്. കൂടാതെ, ഡിജിറ്റൽ വളർച്ച ജീവിതനിലവാരത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവായി സുസ്ഥിര നഗരങ്ങളുടെ പട്ടികയിൽ ബഹ്റൈൻ എട്ടാം സ്ഥാനം നേടി.ഭാവി സാങ്കേതികവിദ്യകളെ സ്വീകരിക്കുന്നതിൽ 25ാം സ്ഥാനത്തും മികച്ച സർക്കാർ ഓൺലൈൻ സേവനങ്ങളിൽ 23ാം സ്ഥാനത്തും ബഹ്റൈനുണ്ട്. രാജ്യത്തിന്റെ വരുമാന നിലവാരത്തേക്കാൾ ഉപരിയായി, കൃത്യമായ ഭരണനിർവഹണവും ദീർഘവീക്ഷണവുമാണ് ബഹ്റൈനെ ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.
ഡിജിറ്റൽ ഉള്ളടക്ക നിർമാണത്തിലും ഫിക്സഡ് ലൈൻ ഇന്റർനെറ്റ് സേവനങ്ങളിലും ഇനിയും പുരോഗതിക്ക് അവസരമുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എങ്കിലും, ആഗോള ഡിജിറ്റൽ ഭൂപടത്തിൽ ബഹ്റൈന്റെ കുതിപ്പ് മറ്റു രാജ്യങ്ങൾക്ക് വലിയ പാഠമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

