സംഗീതചന്ദ്രകിരണങ്ങൾ പവിഴദ്വീപിനെ തഴുകിയ രാത്രി
text_fieldsമേഘ്ന സുമേഷ്
മനാമ: കാവ്യനർത്തകി ചിലമ്പൊലി ചാർത്തിയ നാട്ടിൽനിന്നെത്തിയ പ്രതിഭകളുടെ രാഗവിസ്താരത്തിൽ ബഹ്റൈൻ മതിമറന്നു നിന്നു. ഗൾഫ്മാധ്യമം സംഘടിപ്പിച്ച ‘ബഹ്റൈൻ ബീറ്റ്സ്’ മെഗാ എന്റർടെയ്ൻമെന്റ് പരിപാടിയാണ് താളത്തളിര്മഴയുടെ ഭാവപ്പൊലിമയിൽ സംഗീതാസ്വാദകരുടെ ഹൃദയം കവർന്നത്. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ടൂറിസം കൺസൽട്ടന്റ് ഡോ. അലി ഫോളാഡാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഖൽബിൽ പനിനീർ പൊഴിക്കുന്ന മധുരഗാനങ്ങളുമായി തെന്നിന്ത്യയുടെ നിത്യഹരിതഗായകൻ ഉണ്ണിമേനോൻ ആസ്വാദകമനസ്സുകളെ കീഴടക്കി. യുവഗായകനിരയിലെ അദ്വിതീയരായ ചിത്ര അരുണും ആൻ ആമിയും പഴയതും പുതിയതുമായ ഗാനങ്ങളാൽ വേദിയെ സമ്പന്നമാക്കിയപ്പോൾ റിയാലിറ്റി ഷോകളിലൂടെ തരംഗമായ വൈഷ്ണവ് ഗിരീഷും ജാസിം ജമാലും സംഗീതത്തിന്റെ പുത്തൻ വേലിയേറ്റം സൃഷ്ടിച്ചു. ഗ്രാമി അവാർഡിലൂടെ കേരളത്തിന് വീണ്ടുമൊരു ആഗോളഖ്യാതി നേടിത്തന്ന മനോജ് ജോർജായിരുന്നു അടുത്തതായി അരങ്ങിലെത്തിയത്
വയലിൻ സംഗീതത്തിന്റെ ആഴങ്ങളിൽ കേൾവിക്കാരൻ മുങ്ങിപ്പോകുന്ന അനുഭവം. ആരാരും മനസ്സിൽ നിന്നൊരിക്കലും മറക്കുവാൻ ആവാത്തവിധം പിഷാരടി തമാശച്ചെമ്പ് പൊട്ടിച്ചപ്പോൾ പെരുന്നാൾ ആഘോഷം പൂർണമായി. പുതുമയാർന്ന നമ്പറുകളുമായി അശ്വന്ത് അനിൽകുമാർ അനുകരണകലക്ക് ഫ്രഷ് ഫ്രഷ് അനുഭവങ്ങൾ നൽകി.
ബഹ്റൈൻ ബീറ്റ്സിന് മുന്നോടിയായി ‘ഗൾഫ്മാധ്യമം’ സംഘടിപ്പിച്ച ‘സിങ് ആൻഡ് വിൻ’ മത്സരത്തിലെ വിജയികളായി താരപദവി കരസ്ഥമാക്കിയവരും വേദിയിൽ തങ്ങളുടെ മാസ്മരികപ്രകടനത്തിന്റെ കെട്ടഴിച്ചു. റംസാന്റെയും സംഘത്തിന്റെയും ഇടിവെട്ട് ഡാൻസു കൂടിയായപ്പോൾ വലിയപെരുന്നാൾ ആഘോഷം പൂർണ്ണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

