മ്യൂസിക്, ഡാൻസ്, ഫൺ; ഉത്സവരാവുകൾ റീലോഡഡ്
text_fieldsമനാമ: മുത്തും പവിഴവും വിളയുന്ന ബഹ്റൈനിന്റെ പുതുമണ്ണിൽ ശ്രുതിലയ സംഗീതത്തിന്റെ മാസ്മരികത്തേൻമഴ പൊഴിക്കാൻ, മലയാളികളുടെ ഹൃദയവികാരത്തെ തൊട്ടറിഞ്ഞ സംഗീത, നൃത്ത പ്രതിഭകളെത്തുന്നു. ജൂൺ മുപ്പതിന് ക്രൗൺപ്ലാസയിൽ കോൺവെക്സുമായി സഹകരിച്ച് ‘ഗൾഫ് മാധ്യമ’മൊരുക്കുന്ന സംഗീതവിരുന്ന് ബഹ്റൈൻ ബീറ്റ്സ് അക്ഷരാർഥത്തിൽ പവിഴദ്വീപിന്റെ ഹൃദയതാളമായി ചരിത്രത്തിലടയാളപ്പെടും. ഒരു ചെമ്പനീർപ്പൂവിറുത്ത്....
മലയാളിയുടെ വിഷാദച്ഛായയുള്ള പ്രണയഭാവങ്ങളെ എന്നും തൊട്ടുണർത്തിക്കൊണ്ടിരിക്കുന്ന അനുഗൃഹീത സംഗീതപ്രതിഭ ഉണ്ണിമേനോൻ വീണ്ടുമൊരിക്കൽ കൂടി പ്രവാസഭൂമിയെ കോരിത്തരിപ്പിക്കും. ഓസ്കറിനെ ആദ്യമായി ഇന്ത്യയിലെത്തിച്ച അതുല്യ സംഗീത പ്രതിഭ എ.ആർ. റഹ്മാന്റെ സംഗീത സംവിധാനത്തിൽ ഉണ്ണിമേനോൻ ആലപിച്ച എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ‘പുതുവെള്ളൈമഴൈ.....’ മനസ്സുനിറയെ ആസ്വദിക്കാനുള്ള അവസരമാണ് സംഗീതപ്രേമികൾക്കായി ഒരുങ്ങുന്നത്. സംഗീതത്തിന്റെ പൂക്കാലമൊരുക്കി ഉണ്ണി മേനോനോടൊപ്പം വേദിയെ സമ്പന്നമാക്കാൻ ഒരു പട തന്നെ വരുന്നു.
ആൻ ആമി, വൈഷ്ണവ് ഗിരീഷ്, ചിത്ര അരുൺ, ജാസിം ജമാൽ... മെലഡികളോടൊപ്പം ചടുല താളവുമായി നിങ്ങളുടെ ഹൃദയത്തിൽ കൂടുകൂട്ടിയവർ. ആയിരത്തൊന്ന് രാവുകളിലെ അത്ഭുതപ്രപഞ്ചം നിങ്ങളുടെ കാതുകളിൽ മധുവായി ഒഴുക്കിയവർ, കാരയ്ക്ക കായ്ക്കുന്ന നാടിന്റെ ഹൃദയത്തുടിപ്പ് തൊട്ടറിഞ്ഞവർ, അവരുടെ രാഗ, താള, സമ്മിശ്രമായ സംഗീതത്തിന്റെ അമൃത് നുകരാതിരിക്കുവാൻ ഏത് സംഗീതേപ്രമിക്കാണാവുക! ഒരു കൊച്ചു പ്രതിഭ കൂടി ഇവരോടൊപ്പമുണ്ടല്ലോ; ആരാണത്? എട്ടുവയസ്സിനുള്ളിൽ കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, എം. ജയചന്ദ്രൻ തുടങ്ങി സംഗീതലോകത്തെ ചക്രവർത്തിമാരുടെയെല്ലാം മനസ്സിനെ കീഴടക്കിയ ആ കൊച്ചുമിടുക്കിതന്നെ; നമ്മുടെയെല്ലാം പ്രിയങ്കരിയായ മേഘ്നക്കുട്ടി. കുടുംബസദസ്സുകളുടെ വികാരമായി മാറിയ ആ കൊച്ചുസുന്ദരി പുതിയതും പഴയതുമായ പാട്ടുകളാൽ പ്രവാസലോകത്തിന്റെ ഹൃദയം കവരും.
പാട്ടിന്റെ പാലാഴിയിൽ മുങ്ങിക്കുളിക്കാൻ പോകുന്ന ആസ്വാദകനെ വയലിൻ തന്ത്രികളാൽ ഏഴാം സ്വർഗത്തിലേക്ക് കൊണ്ടുപോകുകയാണ് മനോജ് ജോർജിന്റെ ദൗത്യം. സംഗീതലോകത്തിന് എന്നും നിലനിൽക്കുന്ന വേദന സമ്മാനിച്ച് വിടവാങ്ങിയ ബാലഭാസ്കറിന്റെ പിൻഗാമി. ഗ്രാമി അവാർഡ് കരസ്ഥമാക്കിയ പ്രതിഭ. ബഹ്റൈനിലെ മണൽത്തരികളെപ്പോലും ഉണർത്താൻ കെൽപുള്ള ചടുലതാളവുമായി നൃത്തവേദികളിൽ ആവേശമായി മാറിയ യൂത്ത് ഐക്കൺ റംസാൻ മുഹമ്മദ്. പേരു കേൾക്കുമ്പോൾതന്നെ നിങ്ങളുടെ പദചരണങ്ങൾ ചലിക്കുന്നതായി തോന്നുന്നുണ്ടോ? ആ വൈദ്യുതിസ്പർശം നേരിട്ടനുഭവിക്കണമെങ്കിൽ ജൂൺ മുപ്പതിന് മറ്റെല്ലാ പരിപാടികളും മാറ്റിവെച്ചേക്കൂ.
പാട്ടും ഡാൻസും മാത്രം മതിയോ? കുറച്ചൊരു ഫൺ കൂടി വേണ്ടേ? സ്റ്റാൻഡപ് കോമഡികൊണ്ട് ലോകമെമ്പാടുമുള്ള മലയാളിയുടെ മനസ്സിൽ ഇടംപിടിച്ച അതേ പിഷാരടി തന്നെയാണ് ചിരിയുടെ വസന്തമായി നിങ്ങൾക്കു മുന്നിലെത്തുന്നത്. ഓർത്തോർത്ത് ചിരിക്കാനവസരം നൽകി, തമാശയുടെ കൗണ്ടറുകൾ ഉതിർക്കുന്ന മലയാളത്തിന്റെ കൗണ്ടമണി. പിഷാരടിയോടൊപ്പം കട്ടക്ക്നിൽക്കാൻ അശ്വന്ത് അനിൽകുമാറും. അവതാരകയായി അശ്വതി ശ്രീകാന്തും. അതേ ‘ചക്കപ്പഴ’ത്തിലെ നാത്തു തന്നെ. മച്ചാനേ ഇതു പോരേ അളിയാ. മുപ്പതിന് ക്രൗൺ പ്ലാസയിൽ കാണാം. ടിക്കറ്റ് ലോഞ്ചിങ് ഉടൻ. സെയ്ൻ ബഹ്റൈനും ലുലു ഹൈപ്പർമാർക്കറ്റുമാണ് മുഖ്യ പ്രായോജകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

