ബഹ്റൈനിൽ കനം കുറഞ്ഞ പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം
text_fieldsമനാമ: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി 57 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾക്ക് ബഹ്റൈൻ നിരോധനം ഏർപ്പെടുത്തി.
വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവാണ് ഇതുസംബന്ധിച്ച പുതിയ തീരുമാനമറിയിച്ചത്. ഉത്തരവ് പ്രകാരം ഇത്തരം കവറുകളുടെ നിർമാണം, ഇറക്കുമതി, വിൽപന എന്നിവ രാജ്യത്ത് പൂർണമായും നിരോധിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുക, 2060ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഷോപ്പിങ്ങിനും സാധനങ്ങൾ കൊണ്ടുപോകുന്നതിനും നൽകുന്ന എല്ലാ പ്ലാസ്റ്റിക് കവറുകൾക്കും ഇത് ബാധകമാണ്. കടകളിൽ സൗജന്യമായി നൽകുന്നതോ പണം വാങ്ങി നൽകുന്നതോ ആയ ബാഗുകളും ഇതിലുൾപ്പെടും.
വീടുകളിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ബാഗുകൾ, മെഡിക്കൽ വേസ്റ്റ് ബാഗുകൾ, ഭക്ഷണസാധനങ്ങളും മരുന്നുകളും പാക്ക് ചെയ്യുന്ന കവറുകൾ, കയറ്റുമതിക്കായി തയാറാക്കിയ ബാഗുകൾ എന്നീ ചില പ്രത്യേക ആവശ്യങ്ങൾക്കുള്ള ബാഗുകളെ ഈ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ കർശന പരിശോധന നടത്തും.
വിപണിയിൽ എത്തുന്നതിനുമുമ്പ് തന്നെ ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കും. നിയമം മനസ്സിലാക്കാൻ വ്യാപാരികൾക്കായി അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രത്യേക മാർഗനിർദേശങ്ങളും പുറത്തിറക്കും.
കൈവശമുള്ള സ്റ്റോക്കുകൾ വിറ്റഴിക്കാനും പുതിയ നിയമവുമായി പൊരുത്തപ്പെടാനും ബിസിനസ് സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ ഒരു ഭാവിയിലേക്കുള്ള ബഹ്റൈന്റെ സുസ്ഥിര വികസന തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

