വന്ദേ ഭാരത്: കേരളത്തിലേക്ക് അധിക സർവിസുകൾ ഇല്ല; കാത്തിരിപ്പ് നീളുന്നു
text_fieldsമനാമ: കോവിഡിെൻറ പശ്ചാത്തലത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് ദൗത്യത്തിെൻറ നാലാം ഘട്ടത്തിൽ രണ്ടു വിമാന സർവിസുകൾകൂടി അധികമായി പ്രഖ്യാപിച്ചപ്പോൾ കേരളത്തിലേക്ക് ഒന്നുമില്ല. ജൂലൈ മൂന്നു മുതൽ 14 വരെയാണ് നാലാം ഘട്ട സർവിസ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ കേരളത്തിലേക്ക് നാലു സർവിസും മറ്റിടങ്ങളിലേക്ക് 10 സർവിസുമാണ് ചൊവ്വാഴ്ച വരെ നടത്തിയത്. അധികമായി പ്രഖ്യാപിച്ച രണ്ടു സർവിസുകളിൽ ഒന്ന് ജൂലൈ 20ന് ഡൽഹിയിലേക്കും മറ്റൊന്ന് 28ന് ലഖ്നോയിലേക്കുമാണ്.
അധിക സർവിസുകൾ പ്രഖ്യാപിക്കുന്നില്ലെങ്കിൽ കേരളത്തിലേക്ക് ഇനി 28നുശേഷമേ സർവിസ് ഉണ്ടാകൂ. അതേസമയം, കൊച്ചിയിലേക്കും കോഴിക്കോേട്ടക്കും സർവിസ് അനുവദിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഇന്ത്യൻ എംബസിയോട് അഭ്യർഥിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു മുമ്പാകെ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. നാട്ടിലേക്കു പോകാൻ ഇനിയും ആളുകൾ കാത്തുനിൽക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലേക്ക് കൂടുതൽ സർവിസുകൾ വേണമെന്ന ആവശ്യമുയരുന്നത്. ഇതുവരെ 30,000ത്തോളം പേരാണ് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ചൊവ്വാഴ്ച കൊച്ചിയിലേക്കാണ് നാലാം ഘട്ടത്തിൽ കേരളത്തിലേക്കുള്ള അവസാന സർവിസ് നടത്തിയത്. 183 പേരാണ് ഇൗ വിമാനത്തിൽ നാട്ടിലെത്തിയത്. വന്ദേഭാരത്, ചാർേട്ടഡ് വിമാനങ്ങളിലായി ബഹ്റൈനിൽനിന്ന് ഇതുവരെ കേരളത്തിലെത്തിയത് കൈക്കുഞ്ഞുങ്ങളടക്കം 8734 പേരാണ്. വന്ദേ ഭാരത് ദൗത്യത്തിൽ 3398 പേരും ചാർേട്ടഡ് വിമാനങ്ങളിൽ 5336 പേരും നാട്ടിലെത്തി. വന്ദേ ഭാരത് ദൗത്യത്തിൽ മറ്റു സംസ്ഥാനങ്ങളിലേക്കു പോയത് 4295 പേരാണ്. ചാർേട്ടഡ് വിമാനങ്ങളിലും മറ്റു സംസ്ഥാനങ്ങളിലേക്കു യാത്രക്കാർ പോയിട്ടുണ്ട്. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും കോഴിക്കോേട്ടക്കും ആറു വീതവും കണ്ണൂരിലേക്ക് ഒന്നും സർവിസുകളാണ് വന്ദേ ഭാരത് ദൗത്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് നടത്തിയത്.
