നാടിൻെറ വേദനയിൽ ഹൃദയം വിങ്ങി പ്രവാസലോകം

10:11 AM
11/08/2019

മനാമ: കേരളം രണ്ടാം പ്രളയദ​ു:ഖത്തിൽ മുങ്ങവെ, ബഹ്​റൈനിലെ പ്രവാസി മലയാളികൾ അതി​​െൻറ നീറ്റലിലാണ്​. വീട്ടുകാരെയും നാട്ടുകാരെയും ഇടതടവില്ലാതെ വിളിച്ച്​ വിവരങ്ങൾ അന്വേഷിക്കുകയാണ്​ പ്രവാസി മലയാളികൾ. കനത്ത നാശനഷ്​ടങ്ങൾക്ക്​ ഇരയായ വയനാട്​,കോഴിക്കോട്​, മലപ്പുറം,പാലക്കാട്​ ജില്ലകളിലെ പ്രവാസികൾ കൂടുതൽ നൊമ്പരത്തിലാണ്​. പലരുടെയും വീട്ടുകാരോ ബന്​ധുക്കളോ നാട്ടുകാരോ പ്രളയത്തി​​െൻറ കെടുതികൾ അനുഭവിക്കുന്നുണ്ട്​. ബലിപെരുന്നാൾ ആഘോഷിക്കാനായി തയ്യാറെടുത്തിരുന്ന പലരും ഇപ്പോൾ ആഘോഷത്തി​​െൻറ മാനസികാവസ്ഥയിലല്ല. ​മഴയുടെ തോത്​ കുറയാനും ജലനിരപ്പുയർന്ന മേഖലകളിൽനിന്ന്​ വെള്ളം ഇറങ്ങാനും നാശനഷ്​ടങ്ങളുടെ തോത്​ കുറയാനുമായി എല്ലാവരും   പ്രാർഥനയിലാണ്​. 

പ്രളയം പ്രത്യക്ഷമായി ബാധിച്ചില്ലാത്ത സ്ഥലങ്ങളിലെ പ്രവാസികളും മറ്റ്​ സ്ഥലങ്ങളിലെ ദുരിത വാർത്തകൾ കേട്ട്​ വിഷമത്തിലാണ്​. അതിനിടെ പ്രവാസികൾ സോഷ്യൽ മീഡിയയിലൂടെ സഹായ പ്രവർത്തനങ്ങളിൽ വ്യാപകമായി പങ്കാളികളാകുന്നുണ്ട്​. അതിനൊപ്പം വരുംദിവസങ്ങളിൽ നാട്ടിലേക്ക്​ കൂടുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എത്തിക്കാന​ുള്ള ആലോചനകളും നടക്കുന്നുണ്ട്​. നാട്ടിലുള്ള പ്രവാസികൾ അതാത്​ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുമുണ്ട്​. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്​ധപ്പെട്ട്​ കഴിഞ്ഞ ദിവസം  ബഹ്​റൈൻ കേരളീയ സമാജത്തിൽ സാമൂഹിക പ്രവർത്തകരുടെ യോഗം നടന്നു. പ്രളയവുമായി ബന്​ധപ്പെട്ട വിഷയങ്ങളുള്ള പ്രവാസികൾക്ക്​ സമാജത്തിൽ റിപ്പോർട്ട്​ ചെയ്യാമെന്ന്​ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്​. 

Loading...
COMMENTS