You are here
യു.എന്‍ പ്രത്യേക ദൂതനുമായി വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ചര്‍ച്ച നടത്തി
മനാമ: യു.എന്‍ സെക്രട്ടറി ജനറലിെൻറ പ്രത്യേക ദൂതന് ജോര്‍ജ്ജ് ചെദിയാക്കുമായി വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര കാര്യങ്ങള്‍ക്കായുള്ള അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല ബിന്‍ അഹ്മദ് ആല് ഖലീഫ കൂടിക്കാഴ്ച നടത്തി. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഉന്നത രാഷ്ട്രീയ ഫോറത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷയുണര്‍ത്തുന്നതാണെന്നും കൂടുതല്‍ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നും ഇരുവരും പ്രതീക്ഷ പ്രകടിപ്പിച്ചു.
സാമ്പത്തിക മേഖലയില്‍ സുസ്ഥിര വികസനവും വളര്‍ച്ചയും ഉറപ്പു വരുത്താനും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും സുസ്ഥിര ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താനും സാധിച്ചാല്‍ അത് രാജ്യത്തിെൻറ വികസനത്തിന് മുതല്‍ക്കൂട്ടാവുമെന്ന് ജോര്‍ജ്ജ് ചെദിയാക് പറഞ്ഞു. മനുഷ്യ വിഭവ ശേഷി വളര്‍ച്ചയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുസ്ഥിര വികസനത്തിനായുള്ള യു.എന്‍ ശ്രമങ്ങള്‍ക്ക് ബഹ്റൈന്‍ പിന്തുണ ഡോ. അബ്ദുല്ല ബിന്‍ അഹ്മദ് ആല് ഖലീഫ അറിയിച്ചു. യു.എന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുമായി ബഹ്റൈന്‍ സഹകരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ബഹ്റൈന്‍ ഇക്കണോമിക് വിഷന്‍ 2030 ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നേടിയെടുക്കുന്നതിന് യു.എന്‍ പദ്ധതികള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.