ബഹ്​റൈൻ ലോക ചരിത്രാന്വേഷകരുടെ ശ്രദ്ധാകേന്ദ്രമാകും

  • ബെറിയൽ മൗണ്ട്​സിന്​ പൈതൃക പട്ടികയിൽ ഇടം

  • നാലായിരത്തോളം വർഷം മുമ്പുള്ള മനുഷ്യജീവിത ചരിത്രത്തി​െൻറ തെളിവുകളാണ്​ ബഹ്​റൈനിലെ ശ്​മശാനക്കുന്നുകളിൽ നിന്ന്​ ലഭിക്കുന്നത്​ 

മനാമ: യുനസ്​ക്കോയുടെ ലോക പൈതൃക പട്ടികയിലേക്ക്​ ബഹ്​റൈനിലെ ബെറിയൽ മൗണ്ട്​സ്​ എന്ന പുരാതന ശ്​മശാനക്കുന്നുകൾ ഉൾപ്പെടുത്തിയതോടെ രാജ്യത്തെ ചരിത്രസ്​നേഹികൾ ആവേശത്തിൽ. ആഗോള ചരിത്രാന്വേഷികൾ കൂടുതൽ ഗവേഷണത്തിനായി ബഹ്​​റൈനിലേക്ക്​ എത്തുമെന്നും പ്രതീക്ഷിക്കപ്പെടുകയാണ്​. തങ്ങളുടെ പൈതൃകസമ്പത്തിനെ സംരക്ഷിക്കാനും അത്​ തലമുറകൾക്കും ലോകത്തിനും പരിചയപ്പെടുത്താനും ബഹ്​റൈൻ ഗവൺമ​െൻറ്​ നടത്തുന്ന കഠിനപരിശ്രമങ്ങൾക്ക്​ ​ ലഭിച്ച അംഗീകാരം കൂടിയാണ്​ ഇൗ പദവി. നാലായിരത്തോളം വർഷം മുമ്പുള്ള മനുഷ്യജീവിത ചരിത്രത്തി​​െൻറ തെളിവുകളാണ്​ ബഹ്​റൈനിലെ ഇൗ ശ്​മശാനക്കുന്നുകൾ.

പുരാതനകാലത്ത് മാറാവ്യാധികൾ ബാധിച്ച്​ ​ ആളുകൾ  മരിച്ച സന്ദർഭങ്ങളിൽ കൂട്ടത്തോടെ മൃതദേഹങ്ങൾ സംസ്​ക്കരിച്ച സ്ഥലങ്ങളും ഇക്കൂട്ടത്തിൽപ്പെടും. ആലിയിൽ ഇത്തരം ധാരാളം ശ്​മശാനക്കുന്നുകൾ കാണാം.  ശ്​മശാനഗുഹകൾ, കല്ലറകൾ എന്നിങ്ങനെ ആദികാലഘട്ടത്തിലെ മനുഷ്യസംസ്​ക്കാരം നിർമ്മിച്ചിരുന്ന സ്ഥലകളും ഇക്കൂട്ടത്തിലുണ്ട്​. അൽ^നാർ, ദിൽമൻ മഹാസംസ്​ക്കാരങ്ങളുടെ അടയാളം പേറുന്ന ഗൾഫ്​ മേഖലയിലെ പവിഴദ്വീപിൽ സവിശേഷമായ ചരിത്രമാണ്​ ഖനനങ്ങളിലൂടെ ലഭിക്കപ്പെട്ടത്​. നൂറ്റാണ്ടുകൾക്ക്​ മു​െമ്പ അനേകം ശ്​മശാനങ്ങളുള്ള ദ്വീപ്​ എന്ന്​ ബഹ്​റൈനെ വിശേഷിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ പുരാതന ശ്​മശാനങ്ങളാണ്​ ഇ​വയെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്​.

350,000 പുരാതന ശവക്കുഴികൾ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്​. നാലായിരം വർഷംവരെ പഴക്കമുള്ള ദിൽമൻ സംസ്​ക്കാരത്തി​​െൻറ ശക്തമായ തെളിവുകൾ ഇൗ ശ്​മശാനങ്ങളിൽ നിന്നും അന്നത്തെ ജനസമൂഹം പാർത്തിരുന്ന പ്രദേശങ്ങളിൽനിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്​. എന്നിരുന്നാലും പലകാലഘട്ടങ്ങളിലായി സ്ഥാപിക്കപ്പെട്ടതാണ്​ ഇൗ ശ്​മശാനങ്ങളെന്നും വ്യക്തമാക്കപ്പെടുന്നുണ്ട്​. മഹാശിലാ സംസ്​ക്കാര കാലത്തി​​െൻറ പ്രത്യേകതകളായ ‘നന്നങ്ങാടി’കളോട്​ സാമ്യമുള്ളവ ബഹ്​റൈനിലും കണ്ടെടുത്തിരുന്നു. പണ്ട്​ മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന വലിയ മൺപാത്രമാണ്​ നന്നങ്ങാടി. കേരളത്തിലും ദക്ഷിണേന്ത്യയിലും തീരപ്രദേശങ്ങളിൽ കാണപ്പെട്ടിരുന്ന ഇവ യോട്​ സാദൃശ്യമുള്ളവ, ബഹ്​റൈ​​െൻറയും തീരമേഖലകളിൽനിന്നാണ്​ ലഭിച്ചത്​.

മൃതദേഹങ്ങളുടെ കൂടെ ആയുധങ്ങൾ, പാത്രങ്ങൾ എന്നിവയും അടക്കം ചെയ്തിരുന്നത്​ ഒരു പതിവാണ്​. ഇത്തരം വസ്​തുക്കളു​െട കാലപ്പഴക്കം നിർണ്ണയിച്ചപ്പോൾ മഹാശിലകാലത്ത്​ ഉപ​േയാഗിച്ചിരുന്നവയെന്നും തെളിയിക്കപ്പെട്ടിട്ടു. മുത്തും കല്ലുകളും ചേർത്തുകെട്ടിയ മാലകളും കല്ലും പാറയും രാകികൂർപ്പിച്ച്​ ഉണ്ടാക്കിയ ആയുധങ്ങളും കുന്തങ്ങളും എല്ലാം കണ്ടുകിട്ടിയിട്ടുണ്ട്​.  ബഹ്‌റൈൻ നാഷണൽ മ്യൂസിയത്തി​​െൻറയും ബഹ്‌റൈൻ ഹിസ്റ്റോറിക്കൽ ആൻറ്​ ആർക്കിയോളജിക്കൽ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഇപ്പോഴും ഇൗ ചരിത്രവസ്​തുതകളെ പരിശോധിച്ച്​ കൊണ്ടിരിക്കുകയാണ്​. ആദി മാനവചരിത്രത്തി​​െൻറ വൈവിധ്യങ്ങളാണ്​ അമ്പരപ്പിക്കുന്ന ഇൗ ഖനനത്തിലും വ്യക്തമാക്കപ്പെടുന്നത്​ എന്നത്​ ആധുനിക ചരിത്രത്തെ വിസ്​മയിപ്പിക്കുന്നു.

Loading...
COMMENTS