പ്രധാനമന്ത്രിക്ക് ലോകാരോഗ്യ സംഘടനയുടെ ആദരവ് 

  • മേയ് 20 ന് ജനീവയിലെ യു.എന്‍ ആസ്ഥാനത്ത്  നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ആദരവ് ഏറ്റുവാങ്ങും 

09:02 AM
15/05/2019
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫക്ക് ലോകാരോഗ്യ സംഘടനയുടെ ആദരവ് ഒൗദ്യോഗികമായി അറിയിച്ച കൂടിക്കാഴ്​ചയിൽനിന്ന്​

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫക്ക് ലോകാരോഗ്യ സംഘടനയുടെ ആദരവ്. അന്താരാഷ്​ട്ര വ്യക്തിത്വമെന്ന നിലക്കുള്ള ആദ്യ ആദരവാണ് ലോകാരോഗ്യ സംഘടന പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്നത്. മേയ് 20 ന് ജനീവയിലെ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ആദരവ് ഏറ്റുവാങ്ങും. 194 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ലോകാരോഗ്യ സംഘടനയിലുള്ളത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, സർക്കാര്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ലോകാരോഗ്യ സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ആദരവ് നല്‍കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ആരോഗ്യ മേഖലയില്‍ അദ്ദേഹം നല്‍കിയ സേവനങ്ങള്‍ പരിഗണിച്ചാണ് ആദരവെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ഡോ. ടെഡ്റോസ് അദാനോം ഗബ്രിയേസസ് വ്യക്തമാക്കി. സംഘടനയുടെ 72 ാമത് യോഗത്തില്‍ വെച്ച് ആദരവ് നല്‍കുന്നതിന് അദ്ദേഹം പ്രധാനമന്ത്രിക്ക് ക്ഷണ പത്രമയച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകാപരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചതായി അദ്ദേഹം വിലയിരുത്തി.

1978 മുതല്‍ ലോകാരോഗ്യ സംഘടനയുമായി വിവിധ മേഖലകളില്‍ ബഹ്റൈന്‍ സഹകരിച്ച് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുണ്ട്. 2000 ത്തോടെ എല്ലാവര്‍ക്കും മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പുവരുത്താന്‍ ബഹ്റൈന് സാധിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് 2002 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ആരോഗ്യ പദ്ധതിക്ക് തുടക്കമിടാനും സാധിച്ചെന്ന് ഗബ്രിയേസസ് കൂട്ടിച്ചേര്‍ത്തു. 

Loading...
COMMENTS