തായ്​ലൻറുമായി ബന്ധം വിളക്കിച്ചേര്‍ത്ത് പ്രധാനമന്ത്രിയുടെ കൂടിക്കാ​ഴ്​ച 

  • തായ് വിദേശകാര്യ മന്ത്രി ഡോണ്‍ പ്രാമുദ്വിനായിയെ ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

09:52 AM
11/02/2019

മനാമ: തായ്​ലന്‍റുമായി വിവിധ മേഖലകളില്‍ ശക്തവും സുദൃഢവുമായ ബന്ധം തുടരുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈന്‍ സന്ദര്‍ശനത്തിന്​ എത്തിയ തായ് വിദേശകാര്യ മന്ത്രി ഡോണ്‍ പ്രാമുദ്വിനായിയെ ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം സുദൃഢമാക്കുന്നതിന് ഇത്തരം സന്ദര്‍ശനങ്ങള്‍ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ ബഹ്റൈന്‍ സന്നദ്ധമാണെന്നും അതുവഴി സാമ്പത്തിക, വ്യാപാര മേഖലകളില്‍ വളര്‍ച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ശക്തമായ സൗഹൃദത്തി​​​െൻറ പതിറ്റാണ്ടുകളാണ് കഴിഞ്ഞു പോയിട്ടുള്ളത്.

ഇക്കാലയളവില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായിട്ടുള്ള വ്യാപാര ബന്ധവും വിവിധ മേഖലകളിലെ സഹകരണവും രാജ്യത്തിന് പ്രത്യേകമായും മേഖലക്ക് പൊതുവായും ഗുണകരമായിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലെയും മേഖലയിലെയും വിവിധ പ്രശ്നങ്ങളെക്കുറിച്ച് ഇരുപേരും ചര്‍ച്ച ചെയ്യുകയും അവയില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകളിലെ സാമ്യത പ്രത്യേകം പ്രസ്താവിക്കുകയും ചെയ്തു. തായ്ലന്‍റ് പൗരന്മാര്‍ ബഹ്റൈ​​​െൻറവളര്‍ച്ചയിലും പുരോഗതിയിലും നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ വലുതാണ്. അവരുടെ ക്ഷേമത്തിനായി ബഹ്റൈന്‍ പുലര്‍ത്തുന്ന പ്രത്യേക ശ്രദ്ധക്ക് വിദേശകാര്യ മന്ത്രി പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. തായ്​ലൻറുമായുള്ള ബന്ധം ശക്തമാക്കുന്നതിന് പ്രധാനമന്ത്രി പുലര്‍ത്തുന്ന പ്രത്യേക പരിഗണനക്ക് മന്ത്രി നന്ദി പ്രകാശിപ്പിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കീഴില്‍ ബഹ്റൈന്‍ വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടം അസൂയാവഹമാണെന്നും പ്രാമുദ്വിനായി കൂട്ടിച്ചേര്‍ത്തു. 

Loading...
COMMENTS