തെരഞ്ഞെടുപ്പ് നടപടികള്‍ ശരിയായ രൂപത്തിൽ
text_fieldsമനാമ: നവംബര്‍ 24 ന് നടക്കുന്ന പാര്‍ലമെൻറ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ ശരിയായ രൂപത്തില്‍ കുറ്റമറ്റ രീതിയിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നത്. നീതിപൂര്‍വകവും സ്വതന്ത്രവും സുതാര്യവുമായ നടപടികളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ജനാധിപത്യ വഴിയില്‍ ഏറെ ദൂരം മുന്നോട്ട് പോകാന്‍ ഇത് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നബിദിനത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും അറബ്-ഇസ്ലാമിക സമൂഹത്തിനും മന്ത്രിസഭ പ്രത്യേകം ആശംസകള്‍ നേര്‍ന്നു.
പ്രവാചക മാതൃക പിന്തുടര്ന്ന് നന്മയും സ്നേഹവും സമാധാനവും നിലനിര്‍ത്തി മുന്നോട്ട് പോകാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു. ബഹ്റൈന്‍ അന്താരാഷ്ട്ര എയര്ഷോ 2018 വിജയകരമായി സംഘടിപ്പിച്ചതിനെ കാബിനറ്റ് ശ്ലാഘിച്ചു. അന്താരാഷ്ട്ര തലത്തില്‍ മികച്ച വലിയ കമ്പനികള്‍ ഇതില്‍ പങ്കെടുത്തത് നേട്ടമാണ്. ഹമദ് രാജാവിെൻറ പ്രത്യേക പ്രതിനിധി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല് ഖലീഫയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി മതിപ്പ് രേഖപ്പെടുത്തി. ഇത് വിജയിപ്പിക്കുന്നതിന് സഹകരിച്ച മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. പ്രിന്‍സ് ഖലീഫ സസ്റ്റയിനബ്ള്‍ ഡെവലപ്മെൻറ് അവാര്‍ഡ് കരസ്ഥമാക്കിയ യു.എന്‍ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മുണിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.
ആഗോള തലത്തില്‍ സമാധാനം വ്യാപിപ്പിക്കുന്നതിനും സുരക്ഷയും സമാധാനവും സാധ്യമാക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിനും അദ്ദേഹം നല്കിയ സേവനങ്ങളെ മാനിച്ചാണ് അവാര്‍ഡ്. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് ജി.സി.സി തല സമ്മേളനവും എക്സിബിഷനും പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്നത് വിജയകരമായെന്ന് വിലയിരുത്തി. ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദി പബ്ലിക് പ്രൊസിക്യൂട്ടര്‍ നല്കിയ വിശദീകരണത്തെ കാബിനറ്റ് സ്വാഗതം ചെയ്തു. നീതിയും നിയമവും മുറുകെ പിടിച്ചു മുന്നോട്ട് പോകാനുള്ള സൗദിയുടെ ശ്രമത്തിന് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു.
സംഭവത്തിെൻറ മറപിടിച്ച് സൗദിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാനും വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടാനുമുള്ള ചില കേന്ദ്രങ്ങളുടെ വിലകുറഞ്ഞ ശ്രമങ്ങളെ അപലപിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റികള്‍ക്ക് പൊതു ബജറ്റ് നിയമം നടപ്പാക്കാന്‍ കാബിനറ്റ് അംഗീകാരം നല്കി. ഇതനുസരിച്ച് മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും ബജറ്റില്‍ ഉള്‍ക്കൊള്ളിക്കും. അന്താരാഷ്ട്ര പരിസ്ഥിതി ഫണ്ട് രൂപവത്കരണ കരാറില്‍ ബഹ്റൈന്‍ പങ്കാളിയാകാന്‍ അംഗീകാരം നല്കി. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
