നവീന ഊര്‍ജ്ജ പദ്ധതികള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നു -മന്ത്രി
text_fieldsമനാമ: നവീന ഊര്‍ജ്ജ പദ്ധതികള്‍ക്ക് സ്വീകാര്യത വര്‍ധിച്ചു കൊണ്ടിരിക്കുന്നതായി വൈദ്യുത-ജല കാര്യ മന്ത്രി ഡോ. അബദ്ുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ വ്യക്തമാക്കി. നാഷണല്‍ കമ്മിറ്റി ഫോര്‍ എനര്‍ജി എഫിഷ്യന്‍സി ആൻറ് റിനീവബ്ള്‍ എനര്‍ജി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ അതോറിറ്റികളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. നവീന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഭരണാധികാരികള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് മന്ത്രി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് സൗരോര്‍ജ്ജം പോലുള്ള പദ്ധതികള്‍ വ്യാപകമാക്കേണ്ടതുണ്ട്. വലിയ കെട്ടിടങ്ങളുടെ തുറസ്സായ മുകള്‍ ഭാഗം സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യമാണ്. 550 ഓളം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹരിത കെട്ടിട രീതി വഴി 20 മുതല്‍ 30 ശതമാനം വരെ ഊര്‍ജ്ജം ലാഭിക്കാന്‍ സാധിക്കും. പുതിയ കെട്ടിടങ്ങള്‍ ഹരിത രീതി ഉപയോഗപ്പെടുത്തി പണിയുന്നതിന് കൂടുതല്‍ താല്‍പര്യമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. രാജ്യത്തെ ആദ്യ ഇലക്ട്രിക് കാര്‍ ചാര്‍ജിങ് കേന്ദ്രം പരീക്ഷണാടിസ്ഥാനത്തില്‍ ഉദ്ഘാടനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. ഇലക്ട്രിക് കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള കേന്ദ്രങ്ങള്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചാണ് സ്ഥാപിക്കുക. സമീപ ഭാവിയില്‍ തന്നെ ഇലക്ട്രിക് കാറുകളുടെ ലോകത്തേക്ക് ബഹ്റൈന്‍ പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022 ല്‍ ജി.സി.സി തലത്തില്‍ ഇലക്ട്രിക് കാറുകളുടെ ഉപയോഗം വര്‍ധിക്കുമെന്നാണ് കരുതുന്നത്. റോഡുകളില്‍ ഗുണപരമായ മാറ്റം വരുത്താന്‍ ഇലക്ട്രിക് കാറുകളുടെ വരവോടെ സാധിക്കും. പരിസ്ഥിതി സംരക്ഷണം ഇതിലെ മുഖ്യ ആകര്‍ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
