പ്രായമായവര്‍ക്ക് മികച്ച സേവനം ഉറപ്പാക്കാൻ മന്ത്രിസഭ തീരുമാനം
text_fieldsമനാമ: പ്രായമായവര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും അവര്‍ രാജ്യത്തിനും സമൂഹത്തിനും നല്കിയ സേവനങ്ങള്‍ പരിഗണിക്കാനും ചേര്‍ന്ന മന്ത്രി സഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭാ യോഗ ം. അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ കാലത്ത് അവര്‍ നല്കിയ സേവനങ്ങളെ പരിഗണിച്ച് അവരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സാധിക്കണമെന്ന് പ്രധാനമന്ത്രി ഉണര്‍ത്തി.
രാജ്യത്തെ വിവിധ ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട് ബഹ്റൈന്‍ കരസ്ഥമാക്കിയ നേട്ടം സുപ്രധാനമാണെന്നും യോഗം വിലയിരുത്തി. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ ഭരണ കാലഘട്ടത്തില്‍ സാധ്യമായതായും വിലയിരുത്തപ്പെട്ടു.
ഇന്തോനേഷ്യയില്‍ ഭൂകമ്പത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്കായി കാബിനറ്റ് അനുശോചനം രേഖപ്പെടുത്തി. സര്‍ക്കാരിനും ജനങ്ങള്‍ക്കും ഭൂകമ്പക്കെടുതികളെ അതിജീവിക്കാന്‍ സാധിക്കട്ടെയെന്നും ആശംസിച്ചു. ജീവനും സ്വത്തും നഷ്ടപ്പെടുകയും ജീവിത സാഹചര്യങ്ങള്‍ മാറിമറിയുകയും ചെയ്തതായി വിലയിരുത്തുകയും ദു:ഖത്തില്‍ പങ്കുചേരുന്നതായും വ്യക്തമാക്കി.
ബുദയ്യയിലെ പുതിയ ഹെൽത്ത് സെൻറർ പണിയുന്നതിനുള്ള സ്ഥലം നിര്‍ണയിക്കാന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയമുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ അധ്യക്ഷനായ നഗരാസൂത്രണ കാര്യ ഉന്നതാധികാര സമിതിയെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. ഹെൽത്ത് സെൻറര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ഭരണപരവും സാങ്കേതികവുമായ നടപടികള്‍ സമിതി സ്വീകരിക്കും. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ തീരുമാനിച്ചു. സ്വകാര്യ മേഖലയുമായി സഹകരിച്ച് ഇതിനായി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാനും പഠനത്തിനനുസരിച്ചുളള തൊഴില്‍ ലഭ്യമാക്കാനും പ്രോല്‍സാഹനം നല്‍കാനാണ് പദ്ധതി. തൊഴില്‍ മാര്‍ക്കറ്റിെൻറ സ്ഥിരത വിലയിരുത്തുകയും സ്വകാര്യ മേഖലയിലെ തൊഴിലുകള്‍ സ്വദേശികള്‍ക്ക് ലഭ്യമാവുന്നതില്‍ വളര്‍ച്ചയുണ്ടാകുന്നതായും കാബിനറ്റ് ഉറപ്പുവരുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രി സഭയില്‍ അവതരിപ്പിച്ചു. 2017 ആദ്യ പകുതിയെ അപേക്ഷിച്ച് നടപ്പുവര്‍ഷം ആദ്യ പകുതിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി തൊഴില്‍ നിയമനത്തില്‍ 2.4 ശതമാനം വര്‍ധനയുണ്ടായി. ഈ വര്‍ഷം ആദ്യ പകുതിയില്‍ 12,000 സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍
തൊഴില്‍ ലഭ്യമായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ 4.1 ല്‍ നിലനിര്‍ത്താനും സാധിച്ചിട്ടുണ്ട്. തൊഴില്‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം നടപ്പാക്കിയ പരിശീലന പരിപാടി 3400 സ്വദേശികള്‍ ഉപയോഗപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗലാലി, ഉമ്മുല്‍ ഹസം, ഹൂറ, സല്ലാഖ്, ദിറാസ്, സിത്ര, ബനീജംറ, ഖര്യ, അസ്കര്‍ എന്നിവിടങ്ങളില്‍ കളിസ്ഥലമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി അറിയിച്ചു. സര്‍ക്കാരിെൻറ ചെലവ് കുറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വീകരിച്ച നടപടികളെക്കുറിച്ച് കാബിനറ്റ് ചര്‍ച്ച ചെയ്തു.
വൈദ്യുത-ജല കാര്യ മന്ത്രാലയത്തില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ച് മന്ത്രി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും പ്രവര്‍ത്തനച്ചെലവില്‍ 46 ശതമാനത്തോളം കുറവ് വരുത്താന്‍ സാധിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതോറിറ്റിക്ക് പിരിഞ്ഞു കിട്ടാനുള്ള കുടിശ്ശിക 50 ശതമാനമായി കുറക്കാനും സാധിച്ചിട്ടുണ്ട്. മന്ത്രാലയത്തിെൻറ ഇക്കാര്യത്തിലുള്ള പ്രവര്‍ത്തന മികവ് പ്രധാനമന്ത്രി പ്രത്യേകം എടുത്തു പറയുകയും പ്രതീക്ഷിത നേട്ടം കൈവരിച്ചതായി വിലയിരുത്തുകയും ചെയ്തു. ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലയില്‍ ബഹ്റൈനിലെ ഇ-ഗവര്‍മെൻറ് ആൻറ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയും കുവൈത്തിലെ ജനറല്‍ ടെലികോം ആൻറ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റിയും തമ്മില്‍ സഹകരിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്കി.
അന്താരാഷ്ട്ര സോളാര്‍ അലയന്‍സില്‍ ബഹ്റൈന്‍ പങ്കാളിയാകുന്നതിനെക്കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തു. വൈദ്യുത-ജല കാര്യ മന്ത്രി മുന്നോട്ടുവെച്ച പ്രസ്തുത നിര്‍ദേശത്തെക്കുറിച്ച് പഠനം നടത്താന്‍ മന്ത്രിതല നിയമകാര്യ സമിതിയെ ചുമതലപ്പെടുത്തി. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നടപ്പാക്കിയ ഉച്ച വിശ്രമ സമയം പാലിക്കുന്നതില്‍ ഒട്ടുമുക്കാല്‍ സ്ഥാപനങ്ങളും കൃത്യത കാണിച്ചതായി ഇതുമായി ബന്ധപ്പെട്ട് തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി അവതരിപ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി. 1241 സ്ഥാപനങ്ങളിലായി 10,300 പരിശോധനകളാണ് നടത്തിയത്. 98.5 ശതമാനം സ്ഥാപനങ്ങളും നിയമം പാലിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുത കാന്തികത പ്രസരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മലിനീകരണ രീതിയെക്കുറിച്ച് ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് നടത്തുന്ന സമ്പൂര്‍ണ പഠനം പിന്നിട്ട ഘട്ടങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രി റിപ്പോര്‍ട്ട്സമര്‍പ്പിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു കാബിനറ്റ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
