ബഹ്റൈനിൽ മഴ; ജാഗ്രത നിർദേശവുമായി അധികൃതർ
text_fieldsമനാമ: ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾ അഭ്യർഥിച്ചു. രാജ്യത്തെ ചില പ്രദേശങ്ങളിൽ ഇന്നലെ മിതമായ മഴയും ഇടിമിന്നലും അനുഭവപ്പെട്ടു. രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയും ചിലപ്പോൾ ശക്തമായ കാറ്റും ഉണ്ടാകാം.
മഴയത്ത് വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ വേഗപരിധിയും വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലവും പാലിക്കണമെന്ന് ട്രാഫിക് വകുപ്പ് ആവശ്യപ്പെട്ടു. വീടുകളിലെ വൈദ്യുതി കണക്ഷനുകളുടെയും ഗ്രൗണ്ടിങ് സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും വൈദ്യുതാഘാതമുണ്ടായേക്കുമെന്നതിനാൽ തെരുവുവിളക്കുകളുടെ തൂണുകളിൽ തൊടരുതെന്നും വൈദ്യുതി, ജല അതോറിറ്റി മുന്നറിയിപ്പ് നൽകി.
വീടുകളിലെ മേൽക്കൂരകളിലെ വാട്ടർപ്രൂഫിങ്ങിന്റെ സമഗ്രത പരിശോധിക്കാനും മേൽക്കൂരകളിലെ ഡ്രെയിനേജ് ദ്വാരങ്ങൾ വൃത്തിയുള്ളതും ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിന്റെ നിർദേശമുണ്ട്. മഴക്കാലത്ത് ഡ്രെയിനേജ് സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വർക്ക്സ് മന്ത്രാലയം അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്. റോഡുകളിൽ വെള്ളം കെട്ടിനിൽക്കുന്നത് തടയാൻ മുനിസിപ്പാലിറ്റി മന്ത്രാലയം പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. പ്രധാന റോഡുകളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് കണ്ടാൽ 17545544 എന്ന നമ്പറിലും ഉൾറോഡുകളിൽ ആണെങ്കിൽ 80008188 എന്ന നമ്പറിലും വിളിച്ച് അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

